‘ഐ ലവ് യു!’; ഇളകിയിരമ്പി ജനം, തുടർഭരണത്തിനുള്ള പ്രചാരണത്തിന് ചുക്കാൻപിടിച്ച് ഗെഹ്ലോട്ട്
text_fieldsമൂന്നു മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പായിരുന്നു അവരുടേത്. അതിനൊടുവിലാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ നിലംതൊട്ടത്. കാത്തിരിപ്പിന്റെ അക്ഷമയെയാണ് ഗെഹ്ലോട്ടിനെ കണ്ടതിന്റെ ആവേശം തള്ളിമാറ്റിയത്. തെരഞ്ഞെടുപ്പിൽ താൻ മുന്നോട്ടുവെക്കുന്ന ഗാരന്റിയെക്കുറിച്ച് പറയാനാണ് മുഖ്യമന്ത്രി ആവേശം കാട്ടിയത്.
എന്തുകൊണ്ട് വീണ്ടും കോൺഗ്രസിന് വോട്ടു ചെയ്യണമെന്ന് ജനത്തെ പറഞ്ഞുബോധ്യപ്പെടുത്താനായിരുന്നു പരിശ്രമം. അതൊന്നും വിഷയമാക്കാതെ ഗെഹ്ലോട്ടിനെ അടുത്തുകാണാൻ സദസ്സിനു മുന്നിലേക്ക് തള്ളിക്കയറിവന്ന യുവാക്കൾ ആഗ്രഹിച്ചത് അദ്ദേഹത്തിന്റെ ഒരു സ്നേഹ പ്രകടനമായിരുന്നു.
ശാന്തരാകാനുള്ള അഭ്യർഥന വിഴുങ്ങി വേദിക്ക് വലതു വശത്ത് വീണ്ടും ആരവം ഉയർന്നുപൊങ്ങിയപ്പോൾ ഗെഹ്ലോട്ട് പറഞ്ഞു: നിങ്ങൾക്കെല്ലാം എന്നോടുള്ള സ്നേഹം എനിക്കറിയാം. ഐ ലവ് യു! കൈപ്പത്തി പതിച്ച മൂവർണക്കൊടി ആഞ്ഞുവീശി ചെറുപ്പക്കാർ ആവേശം കൊണ്ടു.
അന്നേരം ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു: ‘‘ഈ സ്നേഹം പോളിങ് ബൂത്തിൽ എത്തണം.’’ ജനക്കൂട്ടത്തിന് വീണ്ടും ആവേശം. പൊതുവെ വരണ്ട പ്രസംഗക്കാരനാണ് ഗെഹ്ലോട്ട്. തട്ടുപൊളിപ്പൻ തമാശകളുടെ മസാലക്കൂട്ടില്ല. കാര്യമാത്രമായ പ്രസംഗം. അതിനിടയിൽ കിട്ടിയ ‘ഐ ലവ് യു’ സമ്മാനം ഏറ്റുവാങ്ങി നാവിൽ തട്ടിക്കളിച്ചാണ് ജനം പിരിഞ്ഞുപോയത്.
ചോമുവിലെ പച്ചക്കറിച്ചന്തക്കടുത്ത മൈതാനത്ത് അശോക് ഗെഹ്ലോട്ടിനെ കാണാനും കേൾക്കാനും പതിനായിരം വരുന്ന ജനക്കൂട്ടം ഉണ്ടായിരുന്നു. ഗെഹ്ലോട്ട് എത്താൻ നിശ്ചയിച്ചതിനേക്കാൾ രണ്ടര മണിക്കൂർ വൈകിയിട്ടും കാത്തുനിൽക്കാൻ അവർ തയാർ. ദേശീയ താരങ്ങളെ മാറ്റിനിർത്തിയാൽ, രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ക്രൗഡ് പുള്ളറായ നേതാവും അദ്ദേഹംതന്നെ. ജനക്കൂട്ടത്തെ സ്വാധീനിക്കുന്നതിൽ ഗെഹ്ലോട്ട് ആവിഷ്കരിച്ച വിവിധ സൗജന്യ, ആശ്വാസ പദ്ധതികൾക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് കോൺഗ്രസിന് രണ്ടാമൂഴം എന്നതിനേക്കാൾ ഗെഹ്ലോട്ടിന് നാലാമൂഴം കിട്ടാൻ വോട്ടു ചെയ്യണമെന്നാണ് ഗെഹ്ലോട്ട് പക്ഷക്കാർ പ്രസംഗവേദികളിൽ എടുത്തുപറഞ്ഞു കൊണ്ടിരിക്കുന്നത്.
കരുനീക്കാനും വെട്ടിനിരത്താനും അഗ്രഗണ്യനാണെങ്കിലും പ്രസംഗവേദികളിൽ ഗെഹ്ലോട്ട് നാവ് മാരകായുധമാക്കാറില്ല. തന്റെ സർക്കാർ ചെയ്യുന്നതും ചെയ്യാൻ പോകുന്നതുമായ ജനോപകാരപദ്ധതികൾ വിശദീകരിക്കാനാണ് ശ്രദ്ധിക്കുന്നത്. ഉന്നം സ്ത്രീവോട്ടാണ്.
സ്കൂൾ വിദ്യാർഥിനികൾ മുതൽ മുത്തശ്ശിമാർ വരെയുള്ള മഹിളകൾക്ക് തന്റെ സർക്കാർ നൽകുന്നതും തുടർഭരണം കിട്ടിയാൽ നൽകാൻ പോകുന്നതുമായ പരിരക്ഷയും സൗജന്യങ്ങളും എടുത്തുപറഞ്ഞാണ് പ്രചാരണം. കേൾവിക്കാരിൽ ധാരാളം സ്ത്രീകൾ. അവരെ നോക്കി ഗെഹ്ലോട്ട് പറയുന്നു; എന്റെ സർക്കാർ ഇത്രയൊക്കെ ചെയ്യുന്നുണ്ട്. നിങ്ങൾ എന്തു ചെയ്തെന്ന് അവരോട് (ബി.ജെ.പി) ചോദിച്ചുനോക്ക്.
തുടർഭരണം കിട്ടാൻ ഏഴു ഗാരന്റികളാണ് അശോക് ഗെഹ്ലോട്ട് മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രധാനമായും സ്ത്രീവോട്ട് ലക്ഷ്യമാക്കിയുള്ള ഏഴിന ഗാരന്റിയുടെ പ്രചാരണത്തിന് ജില്ലകൾതോറും ഗാരന്റി വണ്ടികൾ ഓടുന്നു. ഗാരന്റി യാത്രക്ക് മുഖ്യമന്ത്രി ചുക്കാൻപിടിക്കുന്നു.
പ്രഖ്യാപിച്ച സൗജന്യങ്ങൾ ജനങ്ങളുടെ മനസ്സിൽ ഏശുമെന്നും തുടർഭരണത്തിന് വഴിയൊരുങ്ങുമെന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം. രാജസ്ഥാനിൽ ബി.ജെ.പിയും കോൺഗ്രസും മാറിമാറി ഭരിക്കുന്നതാണ് പാരമ്പര്യമെന്ന വാദഗതികൾക്ക് കേരളത്തെ ചൂണ്ടിയാണ് ഗെഹ്ലോട്ടിന്റെ മറുപടി. ‘‘കേരളത്തിൽ തുടർഭരണം സാധ്യമാണെങ്കിൽ, രാജസ്ഥാനിൽ എന്തുകൊണ്ട് പറ്റില്ല?’’
തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആരാണെന്ന് പലർക്കുമുള്ള സംശയം ഗെഹ്ലോട്ടിനില്ല. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രചാരണം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സചിൻ പൈലറ്റ് പാർട്ടിയിൽ തന്റെ പ്രതിയോഗിയല്ല, രണ്ടാംനിര നേതാവു മാത്രമാണെന്ന് ബോധ്യപ്പെടുത്താനുമുണ്ട് പ്രത്യേക ശ്രദ്ധ. പാർട്ടിയിലെ ഐക്യത്തിന്റെ കഥ എന്തായാലും, രാജസ്ഥാനിൽ കോൺഗ്രസ് എന്നാൽ താനാണ് എന്നുകൂടി സ്ഥാപിക്കുകയാണ് ഗെഹ്ലോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.