'മണിപ്പൂരിന്‍റെ തുടര്‍ച്ചയായ വികസനത്തിനായി പ്രാർഥിക്കുന്നു; ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ വലിയ സംഭാവന നൽകി'
text_fieldsന്യൂഡൽഹി: മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ വലിയ സംഭാവന നൽകിയെന്ന് മോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
'സംസ്ഥാന ദിനത്തിൽ മണിപ്പൂർ ജനതക്ക് എന്‍റെ ആശംസകൾ. ഇന്ത്യയുടെ പുരോഗതിയിൽ മണിപ്പൂർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്‍റെ തുടർച്ചയായ വികസനത്തിനായി പ്രാർഥിക്കുന്നു' -മോദി എക്സ് പോസ്റ്റിൽ പറഞ്ഞു.
മണിപ്പൂരിൽ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ കേന്ദ്ര സർക്കാർ നോക്കിനിൽക്കുകയായിരുന്നെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസ. മോദിയുടെ പോസ്റ്റിൽ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുമുണ്ട്. മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി പാർലമെന്‍റിൽ സംസാരിക്കണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിരുന്നു.
മണിപ്പൂരിനെ കൂടാതെ മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾക്കും മോദി ആശംസകളറിയിച്ചു. 1971ലെ നോർത്ത്-ഈസ്റ്റ് ഏരിയ (പുനഃസംഘടന) നിയമം നിലവിൽ വന്നതോടെയാണ് ത്രിപുര, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങൾ രൂപംകൊണ്ടത്.
മണിപ്പൂർ വീണ്ടും സംഘർഷഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ അഞ്ച് സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ബി.എസ്.എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂരിലെ നിരവധി ജില്ലകളിൽ സംഘർഷമുണ്ടായെന്നാണ് റിപ്പോർട്ട്. ഏതാനും ദിവസം മുമ്പ് ആയുധധാരികളുടെ ആക്രമണത്തിൽ മണിപ്പൂരിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.