‘മമത ബാനർജിയുമായി പൊതുവേദി പങ്കിടില്ല’; ബഹിഷ്കരണം പ്രഖ്യാപിച്ച് ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ പുതിയ നീക്കവുമായി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മുഖ്യമന്ത്രി മമത ബാനർജിയുമായി പൊതുവേദി പങ്കിടില്ലെന്ന് ഗവർണർ വ്യക്തമാക്കി.
ബംഗാൾ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രിയെ സാമൂഹികമായി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. സാമൂഹികമായി ബഹിഷ്‌കരിക്കുക എന്നതിനർഥം മുഖ്യമന്ത്രിയുമായി പൊതുവേദി പങ്കിടുകയോ മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല എന്നതാണ്.
ഗവർണർ എന്ന നിലയിൽ തന്‍റെ ചുമതല മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നിറവേറ്റിയ ഭരണഘടനാപരമായ ബാധ്യതകളിൽ ഒതുങ്ങും. കൊൽക്കത്തയിലെ കുറ്റകൃത്യങ്ങൾ തടയേണ്ട ഉന്നത ഉദ്യോഗസ്ഥനായ കൊൽക്കത്ത പൊലീസ് കമ്മീഷൻക്കെതിരെ ക്രിമിനൽ സ്വഭാവമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിൽ അതിയായ വേദനയുണ്ടെന്നും ഗവർണർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാർ ശ്രമം പാളിയിരുന്നു. ബുധനാഴ്ച വൈകീട്ട് സെക്രട്ടേറിയറ്റിൽ ഡോക്ടർമാരുമായി നിശ്ചയിച്ച ചർച്ച നടന്നില്ല. ചർച്ചക്ക് ക്ഷണിച്ചു കൊണ്ട് ബുധനാഴ്ച രാവിലെയാണ് ചീഫ് സെക്രട്ടറി ഡോക്ടർമാർക്ക് കത്തയച്ചത്.
12-15 പേരുടെ പ്രതിനിധി സംഘത്തെ അയക്കണമെന്നാണ് ചീഫ് സെക്രട്ടറി മനോജ് പാന്ത് അറിയിച്ചത്. എന്നാൽ, ചർച്ചക്ക് ഡോക്ടർമാർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ സഹമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. തുറന്ന മനസ്സോടെയുളള ചർച്ചക്ക് ഡോക്ടർമാർ തയാറല്ലെന്നാണ് വ്യക്തമാകുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ചർച്ചയിൽ 30 പ്രതിനിധികളെ പങ്കെടുപ്പിക്കണം, ഡോക്ടർമാരുടെ ആവശ്യങ്ങളെക്കുറിച്ച് ചർച്ച നടത്തണം, ചർച്ച തത്സമയം സംപ്രേക്ഷണം ചെയ്യണം, മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിലായിരിക്കണം ചർച്ച എന്നീ ഉപാധികളാണ് ഡോക്ടർമാർ മുന്നോട്ട് വെച്ചത്.
സമരത്തിലുള്ള ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിൽ സർക്കാർ ഉറച്ചുനിൽക്കുമെന്ന് മന്ത്രി പറഞ്ഞു. എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കുകയെന്ന് ഉടൻതന്നെ കാണാമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഇന്നലത്തെ ചർച്ച പാളിയതിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. നീതിക്കു വേണ്ടി അധികാരമൊഴിയാമെന്നാണ് മമത പ്രഖ്യാപിച്ചത്. പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ തുടർച്ചയായ രണ്ടാം ദിവസവും യോഗം ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ പ്രഖ്യാപനം. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കായിരുന്നു സർക്കാർ ഡോക്ടർമാരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.
കൂടിക്കാഴ്ച പൂർണമായും ലൈവ് ടെലികാസ്റ്റ് ചെയ്യണം എന്നായിരുന്നു പ്രതിഷേധക്കാർ മുന്നോട്ട് വെച്ച നിർദേശം. 15 അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചക്ക് മമതയും സർക്കാർ പ്രതിനിധികളും തയാറാണ് എന്ന് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി 30 അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചക്ക് തയാറാകണം എന്നായിരുന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. അതോടെയാണ് ലൈവ് ടെലികാസ്റ്റ് വേണമെന്നും 30 പ്രതിനിധികൾ വേണമെന്നുമുള്ള ആവശ്യം സർക്കാർ തള്ളി.
സംസ്ഥാന ആരോഗ്യ വിഭാഗം ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിലാണ് പ്രതിഷേധക്കാരുടെ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ആഗസ്റ്റ് 19നാണ് ആർജി കർ മെഡിക്കൽ കോളജിൽ വെച്ച് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.