'ഞാനൊന്നും മിണ്ടിയിട്ട് പോലുമില്ല, അതിനുമുമ്പ് അയാൾ എന്നെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു' -ബി.ജെ.പി നേതാവിന്റെ അക്രമത്തിനിരയായ യുവതി
text_fieldsന്യൂഡൽഹി: തനിക്ക് നേരെ നോയിഡയിലെ ബി.ജെ.പി -കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി നടത്തിയ ആക്രമണത്തെ കുറിച്ച് വിശദീകരിച്ച് പരാതിക്കാരിയായ യുവതി. താൻ അയാളോട് ഒരുവാക്ക് പോലും മിണ്ടിയിട്ടില്ലെന്നും അതിനുമുമ്പ് തന്നെ അയാൾ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവത്തിൽ ശ്രീകാന്ത് അറസ്റ്റിലായതിന് പിന്നാത്‍യാണ് അതിക്രമത്തിനിരയായ യുവതിയുടെ പ്രതികരണം.
'തോട്ടക്കാരനോട് എന്തിനാണ് പുൽത്തകിടിയിൽ ഈ ചെടികൾ നട്ടതെന്ന് ഞാൻ ചോദിച്ചു. കുറച്ച് സമയത്തിന് ശേഷം ശ്രീകാന്ത് ത്യാഗി വന്ന് എന്നോട് വഴക്കിടാൻ തുടങ്ങി. ഞാൻ അയാളോട് ഒന്നും മിണ്ടിയിട്ട് പോലുമില്ല. അതിന് മുമ്പ് അയാൾ എന്നെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു' -നോയിഡയിലെ ഹൗസിങ് സൊസൈറ്റിയിൽ ആക്രമണത്തിനിരയായ യുവതി സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു.
കഴിഞ്ഞയാഴ്ച നോയിഡ സെക്ടർ 98 ബിയിലെ ഗ്രാൻഡ് ഒമാക്സ് സൊസൈറ്റിയിലായിരുന്നു സംഭവം. ത്യാഗിയുടെ നിർദ്ദേശപ്രകാരം ഹൗസിങ് ഏരിയയിലെ പൊതുസ്ഥലത്ത് വൃക്ഷത്തൈകൾ നട്ട തോട്ടക്കാരനോട് അതേക്കുറിച്ച് ചോദിച്ചതാണ് ത്യാഗിയെ പ്രകോപിതനാക്കിയത്. അതിനിടെ, ത്യാഗി യുപിയിലെ മോദിനഗറിൽ കുട്ടികളോട് മോശമായി പെരുമാറിയിരുന്നതായും റിപ്പോർട്ടുണ്ട്.
അതിനിടെ, യുവതി ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടാണ് ത്യാഗിയുമായി വഴക്കിട്ടതെന്ന് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഈ ആരോപണങ്ങൾ ഇവർ തള്ളിക്കളഞ്ഞു. 'എനിക്ക് ഒരു സമുദായവുമായി പ്രശ്‌നമില്ല. ത്യാഗിയുടെ അതേ സമുദായത്തിൽ നിന്നുള്ള എന്റെ രണ്ട് സുഹൃത്തുക്കൾ എനിക്ക് പിന്തുണയുമായി ഇവിടെ വന്ന് കണ്ടിരുന്നു... ചിലർ അനാവശ്യമായി പ്രശ്നം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ്' -അവർ പറഞ്ഞു.
"എനിക്കും ഒരു കുടുംബമുണ്ട്... ഇവിടെ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഓർത്താണ് വിഷയത്തിൽ ഞാൻ ഇടപെട്ടത്. അവർ കാര്യങ്ങൾ നോക്കിക്കൊള്ളുമെന്ന് എനിക്ക് വിശ്വാസമുണ്ട്" -ത്യാഗിയുടെ അറസ്റ്റിനെ തുടർന്ന് പ്രത്യാഘാതങ്ങൾ ഭയപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് ഇങ്ങനെയായിരുന്നു അവരുടെ പ്രതികരണം.
സംഭവത്തിന് ശേഷം ഭയം കാരണം ഇവർ പുറത്തിറങ്ങാനും മാധ്യമങ്ങളെ കാണാനും ഭയപ്പെട്ടിരുന്നതായി സുഹൃത്ത് പ്രേക്ഷ സിങ് പറഞ്ഞു. "അന്ന് രാവിലെയായിരുന്നു അതിക്രമം നടന്നത്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗം പേരും കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുകയോ ഓഫിസിൽ പോകുകയോ ചെയ്ത സമയമായിരുന്നു. ചുരുക്കം ചിലർ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. അവൾ ത്യാഗിയുമായി സംസാരിച്ചിട്ടില്ല. അയാൾ തോട്ടം കൈയേറിയത് ചോദിക്കാൻ പോയതായിരുന്നു അവൾ. ത്യാഗി മോശമായി പെരുമാറുന്നതിനും അസഭ്യം പറയുന്നതിനും ഹൗസിങ് കോളനിവാസികൾ പലപ്പോഴും ഇരയായിരുന്നു. എന്നാൽ, എന്റെ സുഹൃത്ത് ധൈര്യത്തോടെ ഇടപെടുകയായിരുന്നു. അവൾ ഞങ്ങൾക്ക് വേണ്ടി പോരാടി' -പ്രേക്ഷ പറഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ത്യാഗിയെ ഇന്നലെയാണ് മീററ്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, അതിക്രമത്തിനിരയായ യുവതി തനിക്ക് സഹോദരിയെ പോലെയാണെന്ന വിശദീകരണവുമായി ശ്രീകാന്ത് ത്യാഗി രംഗത്തെത്തിയിരുന്നു. തന്നെ രാഷ്ട്രീയമായി തകർക്കാൻ ആരോ ഗൂഢാലോചന നടത്തിയെന്നും ഇയാൾ ആരോപിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ മടങ്ങുംവഴിയാണ് യോഗി മാധ്യമങ്ങളോട് പ്രതികരിച്ചത്. 'സംഭവത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. അവരെനിക്ക് സഹോദരിയെ പോലെയാണ്. ഈ സംഭവം രാഷ്ട്രീയ പേരിതമാണ്, ആരോ എന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിച്ചു'- ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു. ശ്രീകാന്ത് ത്യാഗി യുവതിയെ കൈകേറ്റം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.