‘വിനാശകാലേ വിപരീതബുദ്ധി’; ബി.ബി.സി റെയ്ഡിനെ പരിഹസിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ഡോക്യുമെന്‍ററി നിർമിച്ച ബി.ബി.സിയുടെ ഓഫിസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിനെക്കുറിച്ച് ‘വിനാശകാലേ വിപരീത ബുദ്ധി’യെന്ന് കോൺഗ്രസ്. ബി.ജെ.പി ഒഴികെ രാജ്യത്തെ എല്ലാ പ്രമുഖ പാർട്ടികളും സംഭവത്തെ അപലപിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ തുടർച്ചയായ ആക്രമണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. വിമർശന സ്വരങ്ങൾ ഞെരിച്ചമർത്താൻ ശ്രമിക്കുന്നത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്രമിക്കാൻ സർക്കാർ സ്ഥാപനങ്ങളെ ദുരുപയോഗിച്ചാൽ ഒരു ജനാധിപത്യത്തിനും നിലനിൽപില്ല -അദ്ദേഹം പറഞ്ഞു.
മോദി സർക്കാർ നാശത്തോട് അടുക്കുന്നുവെന്ന് സൂചിപ്പിച്ച് പാർട്ടി വക്താവ് ജയ്റാം രമേശാണ് ‘വിനാശകാലേ വിപരീത ബുദ്ധി’യെന്ന ചൊല്ല് ഓർമിപ്പിച്ചത്. സർക്കാറിന്‍റെ പരിഭ്രാന്തിയാണ് വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്ത ടി.വി ചാനലിനെ പീഡിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികളെക്കൊണ്ട് റെയ്ഡ് നടത്തിയും മറ്റും ഇന്ത്യൻ മാധ്യമങ്ങളെ ദ്രോഹിക്കുന്നത് മോദി സർക്കാറിന്‍റെ പതിവു തന്ത്രമാണ്. അതിപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ മാധ്യമ സ്ഥാപനത്തിനു നേരെയുമായി. വിമർശിക്കുന്ന മാധ്യമങ്ങളെ ഒതുക്കുന്ന സ്വേച്ഛാധിപത്യ രീതി മോദിസർക്കാറിന്‍റെ പ്രതിച്ഛായ കൂടുതൽ മോശമാക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പറഞ്ഞു.
‘ബി.ബി.സിയുടെ ഡൽഹി ഓഫിസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോർട്ടുകൾ കണ്ടു. ഉള്ളതാണോ? തികച്ചും അപ്രതീക്ഷിതം’ -തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
‘ഡൽഹിയിലെ ബി.ബി.സി ഓഫിസിൽ ഐ.ടി വകുപ്പ് റെയ്ഡ് നടത്തി. ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു. ക്ഷമിക്കണം, ഇത് ബി.ബി.സിയാണ്’ -ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രഡിസന്‍റ് ജിഗ്നേഷ് മേവാനി പരിഹസിച്ചു. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും രംഗത്തുവന്നു. റെയ്ഡ് പ്രത്യയശാസ്ത്ര അടിയന്തരാവസ്ഥയുടെ പ്രഖ്യാപനമാണെന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു.
അതേസമയം, ആദായ നികുതി വകുപ്പിനെ അവരുടെ പണിയെടുക്കാൻ അനുവദിക്കണമെന്നാണ് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ അഭിപ്രായപ്പെട്ടത്. മാധ്യമ റിപ്പോർട്ടിങ് വിഷലിപ്തമായ അജണ്ട വെച്ച് നടത്തുന്നവരാണ് ബി.ബി.സി. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നിയമത്തിന് അതീതരല്ല. ഇന്ത്യയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ അസ്വസ്ഥപ്പെടേണ്ട കാര്യമില്ല. ബി.ബി.സിയെ ന്യായീകരിക്കുന്ന പ്രതിപക്ഷ പാർട്ടികൾ വിലകുറഞ്ഞ രാഷ്ട്രീയമാണ് നടത്തുന്നതെന്നും ബി.ജെ.പി വക്താവ് അഭിപ്രായപ്പെട്ടു.
70 പേരടങ്ങുന്ന സംഘമാണ് ബി.ബി.സി ഓഫിസുകളിൽ പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ലാപ് ടാപ്പുകളും പിടിച്ചെടുത്തെന്നും വീടുകളിലേക്ക് മടങ്ങാന്‍ ഇവരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റെയ്ഡല്ല, സര്‍വേ മാത്രമാണ് നടക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.