ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം; ആദായനികുതി വകുപ്പിനെതിരെ തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തമിഴ്നാട് മന്ത്രി ഇ.വി വേലു. ഉദ്യോഗസ്ഥരുടേത് മോശം പെരുമാറ്റമെന്ന് മന്ത്രി ആരോപിച്ചു. ആദായനികുതി വകുപ്പ് ഭീഷണിപ്പെടുത്തിയതായും കുടുംബത്തെയും ജീവനക്കാരെയും മാനസികമായി വേദനിപ്പിച്ചതായും തന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ വീട്ടിൽ നിന്നോ അവർക്ക് യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
"സർച്ചുകൾ നടക്കുന്നത് ഡി.എം.കെ അധികാരത്തിൽ ഇരിക്കുന്നതിനാലാണ്. ഞങ്ങൾ ഭയപ്പെടില്ല. നിയമപരമായി നേരിടും. ആദായ നികുതി വകുപ്പ് അമ്പ് മാത്രമാണ്. അതെറിഞ്ഞവർ മറ്റെവിടെയോയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എം.കെ പ്രവർത്തകരേയും മന്ത്രിമാരേയും ഭയപ്പെടുത്തുകയാണ്. ഇത് ന്യായമാണോ" - ഇ.വി വേലു ചോദിച്ചു.
മന്ത്രിയായതിന് ശേഷം സ്വത്ത് സമ്പാദിച്ചെന്നതും റിയൽ എസ്റ്റേറ്റ് ഭീമനും സിനിമ നിർമാതാവുമായ അഭിരാമി രാമനാഥനുമായി ബന്ധമുണ്ടെന്ന വാദവും അദ്ദേഹം നിരസിച്ചു.
ഇ.വി.വേലുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കഴിഞ്ഞ അഞ്ച് ദിവസമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. ഇ.വി വേലുവിന്റെ മകൻ കമ്പന്റെ തിരുവണ്ണാമലയിലെ വസതിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അന്തരിച്ച ഡി.എം.കെ നേതാവ് വാസുഗി മുരുകേശന്റെ സഹോദരി പത്മയുടെ വസതിയിലും വ്യവസായി സുരേഷിന്റെ ഗാന്ധിപുരത്തുള്ള ഓഫീസിലും കെ.വി.പി നഗറിലെ വസതിയിലും പരിശോധന നടത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മണൽ ക്വാറികൾ, കെട്ടിട നിർമാണം എന്നിവ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ റെയ്ഡ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.