'എന്റെ സുഹൃത്ത് നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ട്'; ആശംസകളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
text_fieldsജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സുസ്ഥിരവും സമാധാനവും നിറഞ്ഞ ലോകം കെട്ടിപ്പടുക്കുന്നതിൽ എന്റെ സുഹൃത്ത് മോദിയിൽ വിശ്വാസമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ജി20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണ്. സുസ്ഥിരവും സമാധാനവും നിറഞ്ഞ ലോകം കെട്ടിപ്പടുക്കുന്നതിനായി ഞങ്ങളെ ഒരുമിപ്പിക്കാനാകുമെന്നതിൽ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ട്' -ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.
അടുത്ത ഒരു വർഷത്തേക്കാണ് ജി20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 50 നഗരങ്ങളിൽ ഈ കാലയളവിൽ സമ്മേളനങ്ങളുണ്ടാകും. 2023 സെപ്റ്റംബർ 9നും 10നും ഡൽഹിയിലാണ് അടുത്ത ജി20 ഉച്ചകോടി.
അതേസമയം, ജി20 അധ്യക്ഷ പദവികൊണ്ട് ആഘോഷനാടകം നടത്തുകയാണ് കേന്ദ്ര സർക്കാറെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. ജി20 അധ്യക്ഷസ്ഥാനം ഊഴമിട്ട് ഓരോ രാജ്യത്തിനും കിട്ടുന്നതാണ്. അതിലെ അംഗരാജ്യങ്ങളിൽ ഒന്നിനും കിട്ടാതെ പോവുകയുമില്ല. എന്നിരിക്കെ, എന്തിനാണ് വലിയ ആഘോഷനാടകം? -കോൺഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു.
മുമ്പ് നേതൃസ്ഥാനം കിട്ടിയ രാജ്യങ്ങളെ നയിക്കുന്നവരൊന്നും മോദിസർക്കാറിനെപ്പോലെ പെരുമാറുന്നില്ല. ഒരു വർഷത്തേക്കാണ് അധ്യക്ഷപദവി. യു.എസ്, യു.കെ, കാനഡ, ദക്ഷിണ കൊറിയ, ഫ്രാന്സ്, മെക്സികോ, റഷ്യ, ആസ്ട്രേലിയ, തുർക്കിയ, ചൈന, ജർമനി, അർജന്റീന, ജപ്പാൻ, സൗദി അറേബ്യ, ഇറ്റലി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ നേരത്തേ ജി20 അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ കാട്ടിക്കൂട്ടുന്ന നാടകമൊന്നും അവിടങ്ങളിൽ ഉണ്ടായിട്ടില്ല.
മോദി നല്ലൊരു സ്റ്റേജ് മാനേജരാണ്. 2014 ഏപ്രിൽ അഞ്ചിന് എൽ.കെ. അദ്വാനി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത് ഓർമിക്കേണ്ട സന്ദർഭമാണിതെന്നും ജയറാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.