കുറ്റക്കാരനെന്ന് തെളിയിച്ചാൽ പരസ്യമായി തൂക്കുമരത്തിലേറും; ഇ.ഡിയെ വെല്ലുവിളിച്ച് അഭിഷേക് ബാനർജി
text_fieldsകൊൽകത്ത: കള്ളപ്പണ, കൽക്കരി കുംഭകോണ കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എം.പിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി കേന്ദ്ര ഏജൻസികൾക്ക് തെളിയിക്കാനായാൽ പരസ്യമായി തൂക്കിലേറുമെന്ന് അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാവാനായി ഡൽഹിയിലെത്തിയതായിരുന്നു അഭിഷേക് ബാനർജി. കൽക്കരി കുംഭകോണ കേസിൽ ചോദ്യം ചെയ്യാനായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാനർജിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.
ഏത് തരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണ്. തൃണമൂൽ കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി, രാഷ്ട്രീയ താൽപര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും ബാനർജി മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ ബാനർജിയുടെ ഭാര്യ രുജിര ബാനര്‍ജിക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ ന്യൂഡൽഹിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും കൊൽക്കത്തയിലെ വീട്ടിലെത്തി തന്നെ ചോദ്യംചെയ്യാമെന്നും രുജിര ഇ.ഡിയെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപായി രുജിരയെ സി.ബി.ഐ. അവരുടെ വീട്ടിലെത്തി ചോദ്യംചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.