കരുത്തരായ പിതാക്കൻമാരുള്ളവർക്കു വേണ്ടിയല്ല, ദുർബലർക്കുവേണ്ടിയാണ് ശബ്ദമുയർത്തുന്നതെന്ന് അസദുദ്ദീൻ ഉവൈസി
text_fieldsദുർബലർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ശക്തരായ പിതാക്കൻമാരുള്ളവർക്ക് വേണ്ടിയല്ലെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെയും ഗൗരി ഖാന്‍റെയും മകൻ ആര്യൻ ഖാന്‍റെ അറസ്റ്റ് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് ഉവൈസിയുടെ പ്രതികരണം.
'നിങ്ങൾ സൂപ്പർസ്റ്റാറിന്‍റെ മകനെ കുറിച്ച് സംസാരിക്കുന്നു. ഉത്തർപ്രദേശിലെ ജയിലുകളിൽ വിചാരണതടവുകാരായി കഴിയുന്നവരിൽ 27 ശതമാനമെങ്കിലും മുസ്ലിംകളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുന്നത്' -അസദുദ്ദീൻ ഉവൈസി ചോദിച്ചു.
ശബ്ദമില്ലാത്തവർക്കും ദുർബലർക്കും വേണ്ടിയാണ് താൻ പോരാടുന്നതെന്നും ശക്തരായ പിതാക്കൻമാരുള്ളവർക്ക് വേണ്ടിയല്ലെന്നും ഉവൈസി പറഞ്ഞു.
ആഡംബര കപ്പലിൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടാതെ ജയിലിൽ കഴിയുന്ന ആര്യന് പിന്തുണയുമായി ബോളിവുഡ് താരങ്ങളടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയവും വംശീയവുമായ വിവേചനമാണ് ആര്യന് ജാമ്യം നിഷേധിക്കുന്നതിന് പിറകിലെന്ന ആക്ഷേപവും പ്രമുഖർ ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.