നാടകാന്തം വാദി പ്രതി! ബംഗളൂരു മർദന കേസിൽ ട്വിസ്റ്റ്; യുവാവിന്‍റെ പരാതിയിൽ വ്യോമസേന ഉദ്യോഗസ്ഥനെതിരെയും കേസ്
text_fieldsബംഗളൂരു: നഗരത്തിൽ നടുറോഡിൽ തന്നെയും ഭാര്യയെയും ബൈക്കിലെത്തിയ സംഘം മർദിച്ചെന്ന വ്യോമസേന ഉദ്യോഗസ്ഥന്‍റെ പരാതിയിൽ ട്വിസ്റ്റ്! വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഒരു ബൈക്കിലെത്തിയ ആള്‍ പെട്ടെന്ന് മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിര്‍ത്തി മർദിച്ചെന്നാണ് വ്യോമസേന വിങ് കമാന്‍ഡര്‍ ബോസും അദ്ദേഹത്തിന്റെ ഭാര്യയും സ്‌ക്വാഡ്രണ്‍ ലീഡറുമായ മധുമിതയും ആരോപിച്ചത്.
കന്നടയില്‍ അസഭ്യം പറയുകയും മധുമിതയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തെന്നായിരുന്നു പരാതി. വാഹനത്തിലെ ഡി.ആർ.ഡി.ഒ സ്റ്റിക്കര്‍ കണ്ടതോടെ അയാള്‍ അതും പറഞ്ഞ് അധിക്ഷേപം തുടര്‍ന്നെന്നും വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ തന്നെ ബൈക്കിന്റെ കീ ഉപയോഗിച്ച് മുഖത്ത് ഇടിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തെന്നാണ് വിങ് കമാന്‍ഡര്‍ ബോസ് പറയുന്നത്. മർദനം വിശദീകരിച്ച് ബോസ് സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വിശ്വസിക്കാനാകുന്നില്ല. ഇതാണ് ഇപ്പോള്‍ കര്‍ണാടകയിലെ യാഥാര്‍ഥ്യം. ദൈവം രക്ഷിക്കട്ടെയെന്നും ബോസ് വിഡിയോയില്‍ പറയുന്നുണ്ട്. പിന്നാലെ സൈനികന്‍റെ പരാതിയിൽ കാൾ സെന്‍റർ ജീവനക്കാരനായ വികാസ് കുമാറിനെ (27) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് മർദനത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവരുന്നത്. നടന്നത് ഏകപക്ഷീയമായ മർദനമല്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
വ്യോമസേന ഉദ്യോഗസ്ഥൻ കാൾ സെന്‍റർ ജീവനക്കാരനെയാണ് മർദിക്കുന്നത്. ഈ സമയം സമീപത്തുണ്ടായിരുന്നവർ പിടിച്ചുമാറ്റാൻ നോക്കുന്നുണ്ടെങ്കിലും ബോസ് പിന്തിരിയുന്നില്ല. പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോരയൊലിച്ചുകൊണ്ടാണ് ബോസ് സംസാരിച്ചിരുന്നത്. അതേസമയം, വികാസ് കുമാർ നൽകിയ എതിർ പരാതിയിൽ വ്യോമസേന ജീവനക്കാരനെതിരെയും പൊലീസ് കേസെടുത്തു.
സുഹൃത്തിന്‍റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വ്യോമസേന ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ബൈക്കിലിടിച്ചെന്നും ഇത് ചോദ്യം ചെയ്തതിന് തന്നെ മർദിച്ചെന്നുമാണ് വികാസ് നൽകിയ പരാതിയിൽ പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വിവിധ കന്നട സംഘടനകൾ വികാസ് കുമാറിന്‍റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വികാസ് കുമാറിന്‍റെ പരാതിയിൽ കേസെടുത്തതായും വ്യോമസേന ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയതായും കർണാടക അഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.