റഫാൽ യുദ്ധവിമാനം ഇന്ന് വ്യോമസേനയുടെ ഭാഗമാകും
text_fieldsന്യൂഡൽഹി: ആധുനിക റഫാൽ യുദ്ധവിമാനം ഇന്ന് ഔദ്യോഗികമായി എയർഫോഴ്സിന്‍റെ ഭാഗമാവും. അംബാലയിലെ വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും. ഇതോടെ റഫാൽ, 'സ്വർണ്ണ അമ്പുകൾ' (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്‍റെ ഭാഗമാവും. ചടങ്ങിനോടനുബന്ധിച്ച് അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചിൽപെേട്ട അഞ്ച് റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്ന് അംബാലയിലെത്തിയത്. 58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടിട്ടുള്ളത്.
റഫാൽ വിമാനം അനാച്ഛാദനം, ജലപീരങ്കി അഭിവാദ്യം, പരമ്പരാഗത 'സർവധർമ പൂജ', റഫാൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, 'സാരംങ് എയ്റോബാറ്റിക് ടീം' നടത്തുന്ന പ്രകടനം എന്നിവ ചടങ്ങിന്‍റെ ഭാഗമായി നടക്കും. ചടങ്ങുകൾക്ക് ശേഷം ഇന്ത്യയുടെയും ഫ്രാൻസിന്‍റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ചയുമുണ്ടാവും
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻറാവത്ത്, എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ, ഡോ. ജി സതീഷ് റെഡ്ഡി, മറ്റു വ്യോമ-പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥർ, ഫ്രഞ്ച് വ്യോമ സേനയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചത്. വിദഗ്ധ പൈലറ്റും കമാൻഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നൽകിയത്. റഫാൽ വിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായി 12 പൈലറ്റുമാർ ഫ്രാൻസിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
റഫാൽ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആർബി-01 എന്ന നമ്പരാണ് വ്യോമസേന നൽകിയിരുന്നത്. വ്യോമസേന മേധാവി എയർ മാർഷൽ ആർ.കെ. എസ് ബദൗരിയയുടെ പേരിൽ നിന്നാണ് ആർ, ബി എന്നീ രണ്ടു അക്ഷരങ്ങൾ എടുത്തത്. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്‍റെ ചെയർമാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഇങ്ങനെ പേര് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.