മിഗ് വിമാനം തകർന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി
text_fieldsജയ്പുർ: രാജസ്ഥാനിലെ ബാർമറിൽ വ്യോമസേനയുടെ മിഗ്-21 വിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണ സംഭവത്തിൽ അന്വേഷണം തുടങ്ങി. അപകട കാരണം കണ്ടെത്താനായി വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
അപകടമുണ്ടായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യോമസേന മേധാവി എയർ ചീഫ് മാർഷൻ വി.ആർ. ചൗധരിയുമായി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
വ്യാഴാഴ്ച രാത്രിയാണ് വ്യോമസേനയുടെ മിഗ്-21 വിമാനം പരിശീലന പറക്കലിനിടെ ബാർമറിൽവെച്ച് തകർന്നു വീണത്. അപകടത്തിൽ രണ്ടു പൈലറ്റുമാരും മരിച്ചു. ഇരട്ടസീറ്റുള്ള മിഗ്-21 വിമാനം വ്യോമസേനയുടെ ഉതർലായ് ബേസിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയായിരുന്നു അപകടം.
കഴിഞ്ഞ 60 വർഷത്തിനിടെ 200 പൈലറ്റുമാരുടെ ജീവൻ അപഹരിച്ച അപകടങ്ങളിൽ 400ലധികം മിഗ്-21 വിമാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ യുദ്ധവിമാനങ്ങളുടെ ലഭ്യതയിലെ കാലതാമസം കൊണ്ടാണ് വ്യോമസേനക്ക് മിഗ് -21നെ ആശ്രയിക്കേണ്ടി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.