ബുള്ളറ്റുകളാൽ കൊല്ലപ്പെടുകയാണെങ്കിൽ എെൻറ ഇന്ത്യ ഇല്ലാതാകും -യെച്ചൂരി
text_fieldsബംഗളൂരു: ആശയങ്ങളുടെ പോരാട്ടമാണ് ഇന്ത്യൻ സങ്കൽപമെന്നും ബുള്ളറ്റുകൾ ആശയങ്ങളെ ഇല്ലാതാക്കുകയാണെങ്കിൽ എെൻറ ഇന്ത്യ അവശേഷിക്കുകയില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തിെൻറയും ഇന്ത്യൻ സങ്കൽപത്തിെൻറയും കാലാൾ പടയാളിയായാണ് താൻ ഇവിടെ വന്നിരിക്കുന്നത്. കൊലപ്പെടുത്താൻ ബുള്ളറ്റുകളില്ലാത്ത, സംവാദങ്ങൾക്കും ചൾച്ചകൾക്കും അവസരമുണ്ടാകുമെങ്കിൽ മാത്രമേ ജനാധിപത്യത്തിനും ഇന്ത്യൻ സങ്കൽപത്തിനും സഹവർത്തിത്വത്തോടെ നിലനിൽക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ വധത്തിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ സംഘടിപ്പിച്ച ദേശീയതല കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കുകൾകൊണ്ട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്ന ഒരാളെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ഗൗരിക്ക് സംഭവിച്ചത് അംഗീകരിക്കാനാവില്ല, ഇത് ഒറ്റപ്പെട്ട സംഭവമല്ല. അധികാരം കൈയാളുന്നവർ സമഗ്രാധിപത്യമുള്ള രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അത് ഇന്ത്യക്ക് വിരുദ്ധമാണ്. വൈവിധ്യത്തെ എതിർക്കുന്ന ഹിന്ദു രാഷ്ട്രയുടെ ആദ്യ ഇരയാണ് മഹാത്മ ഗാന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരിയോടൊത്തുള്ള ഓർമകൾ പങ്കുവെക്കുന്നതിനിടെ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് വിതുമ്പി. ഞങ്ങൾ സമപ്രായക്കാരായിരുന്നെങ്കിലും അവർ എന്നെ സഹോദരി എന്നാണ് വിളിച്ചിരുന്നത്.
അവളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. അവർക്കുവേണ്ടി ഉയരുന്ന പിന്തുണയാണ് മരണത്തിലും ഏക ആശ്വാസം. കൂട്ടമായ ചെറുത്തുനിൽപ് വൃഥാവിലാകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ഗൗരിയുടെ ഓർമക്കായി എഴുത്തുകാരൻ ചന്ദ്രശേഖർ പാട്ടീൽ കവിത ചൊല്ലി. ‘‘വർഷങ്ങൾക്കുമുമ്പ് ഞാൻ ദാഭോൽകറായിരുന്നു... പിന്നെ പൻസാരെ. രണ്ടു വർഷം മുമ്പ്, സഹപാഠിയും സഹപ്രവർത്തകനുമായ എം.എം. കൽബുർഗി വധിക്കപ്പെട്ടപ്പോൾ, ഞാൻ കൽബുർഗിയായി. ഇപ്പോൾ, ഞാൻ ഗൗരിയാണ്’’ -പാട്ടീൽ പറഞ്ഞു. ഒട്ടനവധി ശബ്ദങ്ങൾ ഒരു വേദിയിൽ ഒത്തുചേരുന്നത് ശുഭപ്രതീക്ഷയാണെന്ന് നർമദ ബച്ചാവോ അന്ദോളൻ നേതാവ് മേധ പട്കർ പറഞ്ഞു. ഭരണഘടനയെ മാത്രമല്ല, സമത്വമെന്ന സ്വപ്നത്തെ തച്ചുടക്കാൻ ആഗ്രഹിക്കുന്നവർ കൂടിയാണ് ഇന്ന് അധികാരത്തിലുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. ഗൗരി ഒരിക്കലും മരിക്കുന്നില്ലെന്ന മേധയുടെ മുദ്രാവാക്യം സദസ്സ് ആവേശത്തോടെ ഏറ്റുചൊല്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.