ഐ.എ.എസ് കേഡർ റൂൾ ഭേദഗതി; കേന്ദ്രം നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ടയെന്ന് പ്രകാശ് അംബേദ്കർ
text_fieldsമുംബൈ: സംസ്ഥാനത്തെ മറികടന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ കേന്ദ്രത്തിലേക്ക് വലിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിനു നൽകുന്ന കേഡർ റൂളിലെ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് ബി.ആർ. അംേബദ്കറുടെ പേരമകനും വഞ്ചിത് ബഹുജൻ അഗാഡി അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ. സംസ്ഥാന സർക്കാറുകളുടെ അവകാശങ്ങൾ കവരുന്ന ഭേദഗതിയെ പാർട്ടി ഭേദമന്യേ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ആർ.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ് പരിശീലനത്തിന്റെ അടിത്തറയായ മതേതര, മാനുഷിക സ്വഭാവത്തെ തകർക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. 'ഐ.എ.എസ് (കേഡർ) റൂൾ ഭേദഗതിക്കുള്ള നിർദേശം' എന്ന പേരിൽ ഡിപ്പാർട്മെന്റ് ഓഫ് പേഴ്സനൽ ആൻഡ് ട്രെയിനിങ് എല്ലാ ചീഫ് സെക്രട്ടറിമാർക്കും കത്തയച്ചിരുന്നു. കേന്ദ്രം ഏതെങ്കിലും ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനിൽ വിളിച്ചാൽ സംസ്ഥാന സർക്കാറിന് വിയോജിപ്പുണ്ടെങ്കിലും ഉദ്യോഗസ്ഥൻ കേന്ദ്ര ഡെപ്യൂട്ടേഷൻ സ്വീകരിക്കണമെന്നതാണ് ഭേദഗതി. ചട്ട പ്രകാരം ഒഴിവുകൾ നികത്താതെ ഉദ്യോഗസ്ഥരുടെ ഒഴിവ് ചൂണ്ടിക്കാട്ടിയാണ് നിലവിലുള്ള ഉദ്യോഗസ്ഥരെ കേന്ദ്രത്തിലേക്ക് വിളിക്കുന്നതെന്നും പ്രകാശ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.