ഞങ്ങളും നിസ്സഹായർ; കോവിഡ് മരണത്തിൽ പകച്ച് സിവിൽ ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന 32കാരൻ ആനന്ദ് താംപെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ഏറ്റവും അവസാനമായി മരണത്തിന് കീഴടങ്ങിയ സിവിൽ ഉദ്യോഗസ്ഥൻ.
താംബെയുടെ മരണത്തിന് നാലുദിവസം മുമ്പായിരുന്നു ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ്ങിന്‍റെ മരണം. 1985 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം പട്നയിലെ ആശുപത്രിയിൽ കോവിഡ് 19 ഗുരുതരമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏപ്രിൽ 14ന് ബിഹാർ കേഡറിലുള്ള 2008 ബാച്ചിലെ വിജയ് രജ്ഞനെയും കോവിഡ് കവർന്നിരുന്നു.
രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ ചുഴിയിൽ അകപ്പെട്ടിരിക്കുേമ്പാൾ രാജ്യത്തിൻറെ ഭരണസംവിധാനത്തെ നിയന്ത്രിക്കുന്ന സിവിൽ ഉദ്യോഗസ്ഥർ പോലും വിറങ്ങിലിച്ചു നിൽക്കുകയാണെന്നാണ് ഇതിലൂടെ ഉയരുന്ന പ്രതികരണം.
രാജ്യത്തിന്റെ നിലവിലെ സ്ഥിതി ഭരണകൂട സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ വരെ പിടിച്ചുകുലുക്കുന്നുണ്ട്. തങ്ങളിൽനിന്ന് സ്വന്തം കുടുംബാംഗങ്ങളിലേക്ക് രോഗം പകരുമെന്ന ഭീതിയിലാണ് ഇവരിൽ പലരും.
മുതിർന്ന ഓഫിസർമാർ മാത്രമല്ല, ജൂനിയർ ഉദ്യോഗസ്ഥർ വരെ കോവിഡിന് മുമ്പിൽ മുട്ടുകുത്തി. നിരവധി കേസുകളിൽ സർക്കാർ ഔപചാരിക സംസ്കാരചടങ്ങുകൾ പോലും നടത്താൻ തയാറായിട്ടില്ലെന്നും മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
രോഗവ്യാപനം രൂക്ഷമായി തുടരുേമ്പാൾ പോലും പലരെയും ഓഫിസിലെത്താൻ നിർബന്ധിക്കുന്നു. അവരിൽ ഭൂരിഭാഗവും 50നും 55നും ഇടയിൽ പ്രായമുള്ളവരും. രോഗബാധിതരായ ശേഷമാണ് ഇവരുടെ മടക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ സംവിധാനത്തിൽ ജോലി ചെയ്യുന്ന എത്രപേർക്ക് ഇതുവരെ രോഗം ബാധിച്ചുെവന്ന കണക്കുപോലും കേന്ദ്രസർക്കാർ സൂക്ഷിച്ചിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു. ഒരു സ്വകാര്യ കമ്പനിപോലും തങ്ങളുടെ എത്ര ജീവനക്കാർക്ക് കോവിഡ് ബാധിച്ചുവെന്ന കണക്കുകൾ സൂക്ഷിക്കും. എന്നാൽ സർക്കാർതലത്തിൽ അത്തരമൊരു സംവിധാനമില്ല. ഉയർന്നുവരുന്ന കണക്കുകൾ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ജോലിയുടെ റിപ്പോർട്ടുകൾ മാത്രമാണ് അധികൃതർക്ക് ആവശ്യമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറയുന്നു.
രാജ്യത്തെ ജനങ്ങൾ കോവിഡ് മൂലം വലയുേമ്പാൾ തങ്ങൾ ഈ നില വരില്ലെന്നായിരുന്നു വിശ്വാസം. എന്നാൽ ആ ചിന്തകളെല്ലാം മാറിമറിഞ്ഞു. രാജ്യതലസ്ഥാനത്തുൾപ്പെടെ എല്ലാവരുടെയും വീട്ടിൽ ഒരു കോവിഡ് രോഗികളെങ്കിലും ഉണ്ടായിരിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് കോവിഡ് വാക്സിൻ നൽകുന്നത്. മാതാപിതാക്കളും പങ്കാളികളും കുട്ടികളുമെല്ലാം സുരക്ഷിതരല്ലാത്തതിനാൽ മാനസിക വിഷമവും അനുഭവിക്കുന്നു. രോഗബാധിതരായ ബന്ധുക്കൾക്ക് ഒരു ആശുപത്രി കിടക്ക ലഭ്യമാക്കി തരണമെന്ന ആവശ്യവുമായി പലരും ബന്ധപ്പെടും. എന്നാൽ ഒരു സഹായം പോലും ചെയ്തുനൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആശുപത്രി പ്രവേശനത്തിന് ശ്രമിക്കുേമ്പാൾ പരാജയപ്പെടുകയാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.