തബ്ലീഗ് പ്രവർത്തകരെ അഭിനന്ദിച്ച െഎ.എ.എസ് ഉദ്യോഗസ്ഥന് കർണാടക സർക്കാറിന്റെ നോട്ടീസ്
text_fieldsബംഗളൂരു: പ്ലാസ്മ ദാനത്തിന് തയാറായ തബ്ലീഗ് പ്രവർത്തകരെ അഭിനന്ദിച്ച ട്വീറ്റിെൻറ പേരിൽ െഎ.എ.എസ് ഉദ്യോഗസ്ഥന് കർണാടക സർക്കാറിെൻറ കാരണം കാണിക്കൽ നോട്ടീസ്. കർണാടക പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറിയായ മുഹമ്മദ് മുഹ്സിനെതിരെയാണ് നടപടി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഒഡിഷയിൽ ഡ്യൂട്ടിയിലായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിെൻറ പേരിൽ തെരഞ്ഞെടുപ്പ് കമീഷെൻറ സസ്പെൻഷൻ നടപടി നേരിട്ട വ്യക്തിയാണ് മുഹമ്മദ് മുഹ്സിൻ.
ഏപ്രിൽ 27നായിരുന്നു തബ്ലീഗ് പ്രവർത്തകരുടെ പ്രവൃത്തിയെ അഭിനന്ദിച്ചും അവരെ ഹീറോകളെന്ന് വിശേഷിപ്പിച്ചും മോദി ഭക്ത മാധ്യമങ്ങളെ ചോദ്യം ചെയ്തും മുഹമ്മദ് മുഹ്സിൻ ട്വീറ്റ് ചെയ്തത്. ‘‘ന്യൂഡൽഹിയിൽ മാത്രം 300ലേറെ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരാണ് രാജ്യസേവനത്തിനായി പ്ലാസ്മ ദാനം ചെയ്യുന്നത്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്? ഗോഡി മീഡിയ? ഇൗ ഹീറോകൾ ചെയ്യുന്ന മനുഷ്യത്വത്തിെൻറ മാതൃകപ്രവർത്തനങ്ങളൊന്നും അവർ നിങ്ങൾക്ക് കാണിച്ചുതരില്ല..’’- ഇതായിരുന്നു ട്വീറ്റ്. ഇത് പിന്നീട് നീക്കിയിരുന്നു. കർണാടക കേഡർ 1996 ബാച്ച് െഎ.എ.എസുകാരനായ മുഹമ്മദ് മുഹ്സിനോട് അഞ്ചുദിവസത്തിനകം വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുമ്പും കർണാടക സർക്കാറിെൻറയും കേന്ദ്രസർക്കാറിെൻറയും നയങ്ങളെയും നിലപാടുകളെയും ട്വീറ്റുകളിലൂടെയും റീട്വീറ്റുകളിലൂടെയും മുഹമ്മദ് മുഹ്സിൻ വിമർശിച്ചിരുന്നു.
കോവിഡ് 19 അതിവേഗം പടരുന്ന മധ്യപ്രദേശിൽ ‘ബിൽവാര മോഡൽ’ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാെൻറ പ്രസ്താവന കഴിഞ്ഞദിവസം അദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു. മോദിയുടെ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡലിന് പകരം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ബിൽവാരയിൽനിന്ന് ബി.ജെ.പി മാതൃക സ്വീകരിക്കേണ്ടി വരുന്നതിനെ സൂചിപ്പിക്കുന്നതായിരുന്നു പ്രസ്തുത ട്വീറ്റ്.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റർ പരിശോധിച്ചതിെൻറ പേരിൽ മുഹമ്മദ് മുഹ്സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ നിരന്തരം ലംഘിക്കുന്നുവെന്ന് പ്രതിപക്ഷപാർട്ടികൾ പരാതി ഉയർത്തിയതിന് പിന്നാലെയായിരുന്നു ഇൗ സംഭവം. ഒഡിഷയിലെ സമ്പൽപൂരിലെത്തിയ പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ സംഘത്തിെൻറ ഹെലികോപ്റ്ററിൽ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന മുഹമ്മദ് മുഹ്സിൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് കമീഷെൻറ സസ്പെൻഷൻ നടപടിക്കെതിരെ അദ്ദേഹം കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുകയും നടപടി സ്റ്റേ ചെയ്ത് ൈട്രബ്യൂണൽ ഉത്തരവിടുകയുമായിരുന്നു. പ്രധാനമന്ത്രിയടക്കം എസ്.പി.ജി കാറ്റഗറി സുരക്ഷ ലഭിക്കുന്നവർ നിയമത്തിന് അതീതരല്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ പരിശോധനയിൽനിന്ന് ആർക്കും ഒഴിവാകാനാവില്ലെന്നും അത്തരമൊരു നിർദേശം കമീഷൻ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.