പ്രസവിച്ച് രണ്ടാഴ്ച്ചക്ക് ശേഷം കൈകുഞ്ഞുമായി ജോലിക്കെത്തി; ഐ.എ.എസ് ഒാഫിസർക്ക് കൈയടി
text_fieldsഗാസിയബാദ്: പ്രസവിച്ച് രണ്ടാഴ്ചക്ക് ശേഷം കൈകുഞ്ഞുമായി ഒാഫിസിൽ ഡ്യൂട്ടിക്കെത്തി ഐ.എ.എസ് ഒാഫിസർ. മോദിനഗർ സബ് ഡിവിഷനൽ മജിസ്ട്രേറ്റായ സൗമ്യ പാണ്ഡെയാണ് കുഞ്ഞുമായി ഒാഫിസിലെത്തിയത്. നിലവിൽ ഗാസിയബാദ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നോഡൽ ഒാഫിസറാണ് സൗമ്യ പാണ്ഡെ.
'ഞാൻ ഒരു ഐ.എ.എസ് ഒാഫിസറാണ്. അതിനാൽ എെൻറ ഉത്തരവാദിത്തം ഞാൻ തന്നെ നിറവേറ്റണം. ഇൗ കോവിഡ് കാലത്ത് എല്ലാവർക്കും ഒരേപോലെ ഉത്തരവാദിത്തമുണ്ട്. ദൈവം സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും നോക്കി വളർത്തുന്നതിനും ശക്തി തന്നു. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിൽ പ്രസവിച്ച് തൊട്ടടുത്ത ദിവസം മുതൽ സത്രീകൾ വീട്ടുജോലികൾ ചെയ്യുകയും സ്വന്തം കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യും. അതോടൊപ്പം അവർ കുഞ്ഞുങ്ങളെയും നോക്കും. അതുപോലെ എെൻറ കുഞ്ഞിനേയുംകൊണ്ട് ഭരണപരമായ ജോലികൾ ചെയ്യാൻ സാധിക്കുന്നത് ദൈവത്തിെൻറ അനുഗ്രഹമാണ്' -സൗമ്യ പാണ്ഡെ എ.എൻ.ഐയോട് പറഞ്ഞു.
കുടുംബവും സഹപ്രവർത്തകരും വളരെയധികം തന്നെ സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു. ജൂലൈയിലാണ് സൗമ്യയെ കോവിഡ് നോഡൽ ഒാഫിസറായി നിയമിക്കുന്നത്. തുടർന്ന് രണ്ടുമാസം ജോലിചെയ്തു. സെപ്റ്റംബറിൽ പ്രസവ ശസ്ത്രക്രിയക്കായി 22 ദിവസം അവധി എടുക്കുകയും ചെയ്തു. തുടർന്ന് പ്രസവിച്ച് രണ്ടാഴ്ചക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധ നൽകണമെന്നും അവർ പറഞ്ഞു.
കൈകുഞ്ഞുമായി ഒാഫിസിലെത്തിയ സൗമ്യ പാണ്ഡെയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ആറുമാസത്തെ പ്രസവ അവധിയുണ്ടായിട്ടും അതെടുക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കൈകുഞ്ഞുമായി എത്തിയ ഒാഫിസർക്ക് അഭിനന്ദനവുമായും നിരവധിപേർ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.