ഐ.എ.എസ് ഓഫിസറുടെ ഭാര്യ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി; 9 മാസത്തിനുശേഷം തിരിച്ചെത്തി ആത്മഹത്യ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ 45കാരി ഭർതൃ വീട്ടിൽ തിരിച്ചെത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്ത് കേഡർ ഐ.എ.എസ് ഓഫിസർ രഞ്ജീത് കുമാറിന്റെ ഭാര്യ സൂര്യയാണ് മരിച്ചത്. ഗാന്ധിനഗറിലെ സെക്ടർ 19ൽ ഞായറാഴ്ചയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്. ഒമ്പത് മാസം മുൻപാണ് ഇവർ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയത്.
തമിഴ്നാട്ടിലെ മധുരയിൽ 14കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ കൂട്ടുപ്രതിയാണ് സൂര്യ. അറസ്റ്റിൽനിന്ന് രക്ഷപെടാനായി ശനിയാഴ്ച ഭർതൃവീട്ടിൽ തിരികെ എത്തുകയായിരുന്നു എന്നാണ് സൂചന. എന്നാൽ ക്രിമിനൽ കേസിൽ പ്രതിയായ ഭാര്യയെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന് രഞ്ജീത് കുമാർ ജോലിക്കാരോട് നിർദേശിക്കുകയായിരുന്നു. ഇതോടെ വീട്ടുമുറ്റത്തുവച്ച് സൂര്യ വിഷം കഴിക്കുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. അത്യാസന്ന നിലയിലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്നിനോട് പ്രതികരിക്കാതായതോടെ ഞായറാഴ്ച മരണം സ്ഥിരീകരിച്ചു.
സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ രഞ്ജീത് കുമാർ വിസമ്മതിച്ചു. ബന്ധുക്കളെ വിവരമറിയിച്ച ആശുപത്രി അധികൃതർ, മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ സെക്രട്ടറിയാണ് രഞ്ജീത് കുമാർ. കഴിഞ്ഞ വർഷം ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഭാര്യയിൽനിന്ന് വിവാഹമോചനം നേടാനുള്ള നടപടി സ്വീകരിച്ചുവരികയായിരുന്നു.
ഈ മാസം 11നാണ് മധുരയിൽ ഗുണ്ടാസംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളോട് രണ്ട് കോടിരൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തമിഴ്നാട് പൊലീസ് കുട്ടിയെ മോചിപ്പിച്ചു. പിന്നാലെ സൂര്യ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാനുള്ള നീക്കത്തിലായിരുന്നു പൊലീസ്. അതേസമയം, തന്നെ ഗുണ്ടാസംഘം കരുതിക്കൂട്ടി കേസിൽ പെടുത്തുകയായിരുന്നെന്നും നിരപരാധിയാണെന്നും അവകാശപ്പെട്ട്, സൂര്യ എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.