സിവിൽ സർവീസ് പരീക്ഷയിലൂടെ അവർ ഒന്നായി; ജീവിതത്തിൽ രണ്ടായി
text_fieldsജയ്പൂർ: രാജ്യം ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ടിന ധാബി-അത്തർ അമീർ ഖാൻ ദമ്പതികളുടേത്. 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീനയുടെയും അത്തർ അമീറിന്‍റെയും വിവാഹത്തിന് പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം എത്തിയിരുന്നു. എന്നാൽ ഐ.എ.എസ് ദമ്പതികൾ ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജയ്പൂരിലെ കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കുന്ന ആദ്യ ദലിത് വനിതയായിരുന്നു ടിന ധാബി. ആദ്യ ശ്രമത്തിലായിരുന്നു ടീനയുടെ നേട്ടം. ഡൽഹി ലേഡി ശ്രീറാം കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ച ശേഷമാണ് ഭോപാൽ സ്വദേശിയായ ടിന സിവിൽ സർവിസിലെത്തിയത്.
കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ അത്തർ അമീർ ഖാൻ ഹിമാചൽ പ്രദേശിലെ മണ്ഡി ഐ.ഐ.ടിയിൽ നിന്ന് എൻജിനിയറിങ്ങിൽ ബിരുദമെടുത്തശേഷമാണ് െഎ.എ.എസിലേക്ക് തിരിഞ്ഞത്. പരിശീലന സമയത്ത് ഡൽഹിയിലെ ഡിപാർട്മെന്റ് ഓഫ് പേഴ്സനൽ ആൻഡ് ട്രെയിനിങ്ങിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. 2018 ഏപ്രിലിൽ ഡൽഹിയിൽ വെച്ചായിരുന്നു വിവാഹം.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.
മതസൗഹാർദത്തിെൻറ മാറ്റുകൂട്ടിയ സംഭവമായി വിവാഹം വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ ഇരുവരുടെയും വിവാഹം ആഘോഷിക്കപ്പെട്ടതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഹിന്ദുമഹാസഭയടക്കം ലവ് ജിഹാദ് ആരോപണമുയർത്തി രംഗത്തെത്തിയിരുന്നു. എന്നാൽ അത്തരം വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും മതങ്ങളുടെ കെട്ടുപാടുകൾക്ക് അപ്പുറമായിരുന്നു തങ്ങളുടെ വിവാഹമെന്നുമായിരുന്നു ടിനയുടെ പ്രതികരണം.
രാജസ്ഥാൻ കേഡറിലെ ഉദ്യോഗസ്ഥരായ ഇരുവർക്കും ജയ്പൂരിലായിരുന്നു ആദ്യ പോസ്റ്റിങ്. ജമ്മു കശ്മീരിലേക്ക് ഡെപ്യൂേട്ടഷനിൽ മാറിപ്പോയ അത്താർ ഖാൻ ഇപ്പോൾ ശ്രീനഗറിലാണ് ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.