തെരഞ്ഞെടുപ്പിലെ അപാകത കണ്ടെത്തിയ ഗവേഷണം; അശോകയിൽ ഐ.ബി അന്വേഷണം
text_fieldsന്യൂഡൽഹി: 2019 പൊതു തെരഞ്ഞെടുപ്പിലെ കൃത്രിമം നടന്നിരിക്കാനുള്ള സാധ്യതകളിലേക്ക് വിരൽചൂണ്ടി ഗവേഷണ പ്രബന്ധം തയാറാക്കിയതിനുപിന്നാലെ അശോക സർവകലാശാലയിൽ ഇന്‍റലിജന്‍റ്സ് ബ്യൂറോ അന്വേഷണം. സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ സബ്യസാചി ദാസ് തയാറാക്കിയ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യ തിരിച്ചിറക്കം’ എന്ന തലക്കെട്ടിൽ തയാറാക്കിയ പ്രബന്ധം പരിശോധിക്കാനാണ് ഐ.ബി സംഘം ഹരിയാന ആസ്ഥാനമായുള്ള ഇന്ത്യയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയിൽ തിങ്കളാഴ്ച എത്തിയത്.
പ്രബന്ധം പ്രസിദ്ധീകരിച്ചതിനുപിന്നാലെ സർവകലാശാല സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സബ്യസാചി ദാസ് രാജിവെച്ചിരുന്നു. അദ്ദേഹം നിലവിൽ പുണെയിലാണുള്ളത്. ഗവേഷണ ഉള്ളടക്കം ചർച്ച ചെയ്യാൻ മറ്റു അധ്യാപകരുമായി ഐ.ബി ഉദ്യോഗസ്ഥർ ശ്രമം നടത്തി. എന്നാൽ, രേഖാമൂലം അറിയിക്കണമെന്ന അധ്യാപകരുടെ ആവശ്യം ഐ.ബി ഉദ്യോഗസ്ഥർ വിസമ്മതിച്ചതോടെ അതും നടന്നില്ല. ചൊവ്വാഴ്ച വീണ്ടും വരാമെന്ന് അറിയിച്ച് ഉദ്യോഗസ്ഥർ സർവകലാശാലയിൽനിന്ന് മടങ്ങുകയാണ് ഉണ്ടായതെന്നും ഓൺലൈൻ പോർട്ടലായ ‘ദ വയർ’ റിപ്പോർട്ട് ചെയ്തു.
ബി.ജെ.പിയും എതിർ പാർട്ടിയും കടുത്ത പോരാട്ടം കാഴ്ചവെച്ച മിക്ക മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ജയം സംശയാസ്പദമാണെന്ന് പ്രബന്ധത്തിൽ സബ്യസാചി ദാസ് ചൂണ്ടിക്കാട്ടിയിരുന്നു. മുൻകാല തെരഞ്ഞെടുപ്പുകളിൽ ഇത്തരമൊരു ചിത്രം കാണാനുണ്ടായിരുന്നില്ല. മാത്രമല്ല, കടുത്ത പോരാട്ടത്തിനൊടുവിൽ ബി.ജെ.പി ജയിച്ച മിക്ക മണ്ഡലങ്ങളും പാർട്ടി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളുമാണ്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതിന്‍റെ ഫലമാണ് ഇതെന്നതിന് തെളിവില്ലെങ്കിലും ഭരണകക്ഷിയെന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും സമൂഹ മാധ്യമങ്ങളിലും ബി.ജെ.പിയുടെ അമിത സ്വാധീനം ഇതിന് കാരണമായിരിക്കാമെന്ന് സബ്യസാചി ദാസ് പറയുന്നു.പ്രബന്ധം പ്രസിദ്ധീകരിച്ചതിനുപിന്നാലെ ബി.ജെ.പി രംഗത്തുവന്നിരുന്നു. അശോകയുടെ ബോർഡ് അംഗങ്ങളായ ചില വ്യാപാരികൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയിൽനിന്നും നീരസം പ്രകടിപ്പിച്ചുള്ള ഫോൺകോളുകൾ വന്നതായി ‘ദ വയർ’ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.