മൗലാന വേഷം കെട്ടി മുസ് ലിം യുവാക്കളെ വശീകരിക്കാന്‍ ഐ.ബി ശമ്പളവും ഫോണും നല്‍കി
text_fieldsന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതിനും ഇന്‍റലിജന്‍സ് ബ്യൂറോ ഓഫിസര്‍ പ്രതിമാസ ശമ്പളവും ഫോണും നല്‍കി സമ്മര്‍ദം ചെലുത്തിയതായി നിരപരാധിയെന്നു കണ്ടു കോടതി വിട്ടയച്ചയാളുടെ വെളിപ്പെടുത്തല്‍.
സി.ബി.ഐ ഇടപെടലില്‍ ഐ.ബിക്ക് വിവരംനല്‍കുന്ന ഇന്‍ഫോര്‍മര്‍മാരാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് പത്തുവര്‍ഷത്തെ വിചാരണത്തടവിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച കോടതി വിട്ടയച്ച ഇര്‍ശാദ് അലി എന്ന ബിഹാറുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തത്തെിയത്. 2005ല്‍ പിടിയിലായശേഷം പലതരം പീഡനങ്ങള്‍ക്ക് വിധേയനായി പുറത്തുവരുമ്പോള്‍ മാതാവും പിതാവും മകളും നഷ്ടമായിരുന്നു ഇര്‍ശാദ് അലിക്ക്.
‘‘അറസ്റ്റ് ചെയ്യപ്പെട്ട് ഒരു വര്‍ഷത്തിനകം മാതാവ് മരിച്ചു. മരണം വരെ അവര്‍ നീതിതേടി പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങി- കിട്ടിയത് അവഹേളനം മാത്രം. കിട്ടിയ ഓരോ ചില്ലിക്കാശും എന്‍െറ മോചനത്തിനു വിനിയോഗിച്ച പിതാവ് മുഹമ്മദ് യൂനുസ് ഈ വര്‍ഷമാദ്യമാണ് മരണപ്പെട്ടത്. ജയിലിലടക്കുമ്പോള്‍ ആറുമാസം മാത്രമുണ്ടായിരുന്ന കുഞ്ഞുമോള്‍ ആയിഫ ഡിഫ്തീരിയ ബാധിച്ച് 2013ല്‍ മരിച്ചു. ജീവിതം വിധിക്ക് സമര്‍പ്പിക്കുകയായിരുന്നു ഞാന്‍’’ -ഇര്‍ശാദ് അലി പറയുന്നു.
50 വര്‍ഷം മുമ്പ് ദര്‍ഭംഗയിലെ പൈഗമ്പര്‍പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് ജോലിതേടി പോന്നതായിരുന്നു അലിയുടെ പിതാവ് മുഹമ്മദ് യൂനുസ്. അലിയെ നാട്ടിലെ പള്ളിക്കൂടത്തില്‍ ചേര്‍ത്തെങ്കിലും ജ്യേഷ്ഠന്‍ നൗഷാദിനെ കൊലക്കേസില്‍ പൊലീസ് പിടിച്ചതോടെ 1991ല്‍ അലി ഡല്‍ഹിയിലേക്ക് വണ്ടി കയറി. ജ്യേഷ്ഠന്‍ പിന്നീട് പരോളിലിറങ്ങിയെങ്കിലും പൊലീസ് ഭീകരവാദ കേസില്‍ ഉള്‍പ്പെടുത്തി പിന്നെയും പിടികൂടി. ഈ കേസ് വിട്ടുപോയെങ്കിലും നൗഷാദിനെതിരെ ഭീകരപ്രവര്‍ത്തനം ചുമത്തിയത് നിലനിന്നു.
1996ല്‍ അലിയേയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പത്തുദിവസം തടവിലിട്ടു. നൗഷാദ് ഭീകരനായതിനാല്‍ അനിയനും അതു തന്നെയാണെന്നായിരുന്നു പൊലീസിന്‍െറ കണ്ടുപിടിത്തം. മാതാവ് കോടതിയെ സമീപിച്ചതോടെ ഇവരെ വിട്ടയച്ചു. നാലുമാസത്തിനു ശേഷം ക്രൈംബ്രാഞ്ച് അലിയെ കസ്റ്റഡിയിലെടുത്ത് എട്ടുദിവസം കൊടും പീഡനത്തിനിരയാക്കി.
2001ല്‍ ഐ.ബി ഉദ്യോഗസ്ഥനായ മാജിദ് ദീന്‍ നൗഷാദിനെ ജയിലിലും അലിയെ പുറത്തും ഇന്‍ഫോര്‍മര്‍മാരാക്കാമെന്നു പറഞ്ഞു. അലിക്ക് പ്രതിമാസം 5000 രൂപ വാഗ്ദാനം ചെയ്തു. മൊബൈല്‍ ഫോണും നല്‍കി. നൗഷാദ് നല്‍കുന്ന വിചാരണത്തടവുകാരുടെ വിവരങ്ങള്‍ അലി, മാജിദിനത്തെിച്ചു. ഇങ്ങനെ മൂന്നുവര്‍ഷം കടന്നുപോയി. എന്നാല്‍, മാജിദ് സംതൃപ്തനായിരുന്നില്ല. ‘‘മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിലേക്ക് ‘മൗലാന’യായി ചെല്ലാന്‍ എന്നോടാവശ്യപ്പെട്ടു. യുവാക്കളെ വശീകരിച്ച് പേരിനൊരു ഭീകരസംഘമുണ്ടാക്കി യോഗം വിളിച്ചുകൂട്ടാനായിരുന്നു നിര്‍ദേശം. റെയ്ഡ് നടത്തി യുവാക്കളെ പിടികൂടുമ്പോള്‍ മാസ്റ്റര്‍മൈന്‍ഡായ ഞാന്‍ രക്ഷപ്പെടുന്നു. ഓപറേഷനെക്കുറിച്ച് പിന്നെയൊരു സംശയവുമുയരില്ല’’ - ഇര്‍ശാദ് പദ്ധതി അനുസ്മരിക്കുന്നു.
2004ല്‍ ഫയാസ് എന്ന കശ്മീരിയെ അലിക്ക് പരിചയപ്പെടുത്തി. അയാളും ഐ.ബിക്കുവേണ്ടി പണിയെടുക്കുകയായിരുന്നു. ഇവരോട് ജമ്മുവിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനായി നിര്‍ദേശം. ഭാര്യ വിലക്കിയതിനാല്‍ അലി കൂട്ടാക്കിയില്ല. ഇതോടെ ഐ.ബി ഓഫിസര്‍മാരുടെ ഭാവം മാറി.
2005 ഡിസംബര്‍ 12ന് ദൗല കുവാനിലെ ഓഫിസിലേക്ക് വിളിപ്പിച്ചു. കണ്ണ് മൂടിക്കെട്ടി അലിയെ ചെങ്കോട്ടക്കടുത്ത് കൊണ്ടുപായി. നവാബ് എന്നുവിളിക്കുന്ന അലിയുടെ സുഹൃത്ത് മഅ്രിഫ് ഖാനെയും അവിടെയത്തെിച്ചു.
2006 ഫെബ്രുവരി ഒമ്പതിന് ഇവരെ പിടികിട്ടാപ്പുള്ളികളാക്കി മാധ്യമങ്ങളില്‍ ലുക്ക്ഒൗട്ട് നോട്ടീസ് വന്നു. ആ ദിവസം ഇവരെ ഹരിയാനയിലെ കര്‍ണാല്‍ ബൈപാസില്‍ കൊണ്ടുപോയി ജമ്മുവില്‍നിന്നുള്ള ബസിലത്തെിയ കശ്മീരികളാണെന്ന കഥ ചമച്ച് അറസ്റ്റ് ചെയ്തു. രണ്ടു ഭീകരര്‍ പിടിയിലായതായി വാര്‍ത്തകള്‍ വന്നു. ഇരുവരെയും ജയിലിലടച്ചു.
അലിക്കൊപ്പം പിടിയിലായ ഇന്‍ഫോര്‍മര്‍ നവാബിന്‍െറ സഹോദരന്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2008 നവംബര്‍ 11ന് സി.ബി.ഐ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. മാജിദിന്‍െറയും ഐ.ബി ഉദ്യോഗസ്ഥരുടെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ ലാന്‍ഡ് ലൈനില്‍നിന്നുമൊക്കെ അലിയുടെ മൊബൈല്‍ഫോണിലേക്ക് വന്ന കാളുകള്‍ തെളിവുകളായി.
അലിയും നവാബും ഇന്‍ഫോര്‍മര്‍മാരാണെന്ന് സ്ഥിരീകരിച്ച സി.ബി.ഐ വ്യാജ കേസ് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കി. എന്നാല്‍, ഉദ്യോഗസ്ഥരും സര്‍ക്കാറും എതിര്‍ ന്യായവാദങ്ങള്‍ ഉയര്‍ത്തി. സത്യത്തിന്‍െറ പുലര്‍ച്ചയില്‍ മോചനം വന്നണയാന്‍ പിന്നെയും ആറു കൊല്ലം കാത്തിരിക്കേണ്ടിവന്നു. ‘‘ഈ മോചനത്തിന് എന്തര്‍ഥം? ഈ ക്രൂരത ആരും ചര്‍ച്ചപോലും ചെയ്തില്ല. സര്‍ക്കാറില്‍നിന്ന് ഒരു ക്ഷമാപണം പോലുമുണ്ടായില്ല’’ -തന്നെ കണ്ട മാധ്യമപ്രവര്‍ത്തകനോട് അലി പരിഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.