കാണ്ഡഹാർ സീരീസ് വിവാദം: ഭാവിയിൽ ഇന്ത്യൻ വികാരം പരിഗണിച്ചുള്ള കണ്ടന്റുകൾ മാത്രമെന്ന് നെറ്റ്ഫ്ലിക്സ്
text_fieldsന്യൂഡൽഹി: അടുത്തിടെ പുറത്തിറങ്ങിയ ‘ഐസി 814: ദ് കാണ്ഡഹാർ ഹൈജാക്ക്’ വെബ് സീരീസ് സംബന്ധിച്ച വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് മേധാവി മോണിക്ക ഷെർഗിൽ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ വികാരങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഭാവിയിൽ സ്ട്രീം ചെയ്യുന്ന സീരീസുകളുടെ ഉള്ളടക്കം അവലോകനം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് കേന്ദ്രത്തിന് ഉറപ്പുനൽകി.
വെബ് സീരീസിലെ ചില തർക്ക വിഷയങ്ങൾ കണക്കിലെടുത്താണ് ഷെർഗില്ലിനെ ശാസ്ത്രി ഭവനിലേക്ക് വിളിപ്പിച്ചത്. വിമാനം തട്ടിക്കൊണ്ടുപോയവരുടെ പേരുമായി ബന്ധപ്പെട്ടാണ് വിവാദമുയർന്നത്. ഹൈജാക്കർമാർക്ക് ഹിന്ദു പേരുകൾ നൽകിയെന്നതാണ് വിവാദത്തിന്റെ അടിസ്ഥാനം. തട്ടിക്കൊണ്ടുപോയവരുടെ രഹസ്യനാമങ്ങളാണ് പറയുന്നതെങ്കിൽ നിർമാതാക്കൾ അത് വ്യക്തമാക്കേണ്ടതായിരുന്നുവെന്ന് വിമർശകർ ആക്ഷേപിച്ചു. സംവിധായകൻ അനുഭവ് സിൻഹ വസ്‌തുതകളെ വളച്ചൊടിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ആരോപണമുയർന്നു.
രാജ്യത്തെ ജനവികാരം കൊണ്ട് കളിക്കാൻ ആർക്കും അവകാശമില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സംസ്കാരത്തെയും നാഗരികതയെയും എല്ലായ്പ്പോഴും ബഹുമാനിക്കണം. എന്തെങ്കിലും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിന് മുമ്പ് നിങ്ങൾ രണ്ടുവട്ടം ചിന്തിക്കണം. സർക്കാർ അത് വളരെ ഗൗരവമായി എടുക്കുന്നുവെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഒ.ടി.ടി പരമ്പരയിൽ കാഠ്മണ്ഡുവിൽ നിന്ന് കാണ്ഡഹാറിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഐ.സി 814 ഹൈജാക്ക് ചെയ്യപ്പെടുന്ന സമയത്തെ സംഭവങ്ങളുടെ ചിത്രീകരണം സത്യത്തിൽ നിന്ന് ഏറെ അകലെയാണ്. പരമ്പരയിലെ അഭിനേതാക്കളുടെ തിരക്കഥയും സ്വഭാവവും വസ്തുതകൾ മായ്ച്ച് അവയെ ഫിക്ഷനാക്കി മാറ്റാനുള്ള ശ്രമമാണ്. പാക് ചാരസംഘടനയായ ഐ.എസ്.ഐ ആസൂത്രണം ചെയ്ത കുറ്റകൃത്യം സാധാരണമാക്കാനുള്ള ശ്രമമാണിതെന്നും കേന്ദ്രം പറയുന്നു.
പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയിലെ അംഗങ്ങളായ ഇബ്രാഹിം അത്തർ, ഷാഹിദ് അക്തർ സെയ്ദ്, സണ്ണി അഹമ്മദ് ഖാസി, സഹൂർ മിസ്ത്രി, ഷാക്കിർ എന്നിവരായിരുന്നു അഞ്ച് ഹൈജാക്കർമാർ. ഓഗസ്റ്റ് 29ന് പുറത്തിറങ്ങിയ വെബ് സീരീസിൽ രണ്ടു ഭീകരർക്ക് ഹിന്ദു പേരുകൾ നൽകിയത് വിവാദമായിരുന്നു. സീരീസിലെ ഹൈജാക്കർമാരെ ചീഫ്, ഡോക്ടർ, ബർഗർ, ഭോല, ശങ്കർ എന്നീ രഹസ്യനാമങ്ങളിലാണ് അവതരിപ്പിച്ചിരുന്നത്. ഭോല, ശങ്കർ എന്നീ പേരുകൾ ഉപയോഗിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. ചിലർ സിനിമാ പ്രവർത്തകർ ഹിന്ദു പേരുകൾ മനഃപൂർവം തിരഞ്ഞെടുക്കുന്നുവെന്നും അതുവഴി വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയും മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് വിമർശനം ഉയർന്നത്. സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന തലവൻ സുർജിത് സിങ് യാദവ് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു.
ആറ് എപ്പിസോഡുകളുള്ള പരമ്പരയിൽ നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ, വിജയ് വർമ, അരവിന്ദ് സ്വാമി, പത്രലേഖ, കുമുദ് മിശ്ര, മനോജ് പഹ്വ, ദിയാ മിർസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 1999 ഡിസംബർ 24 ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഐ.സി 814, നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷം ഹൈജാക്ക് ചെയ്യപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.