ഫലസ്തീനിലെ ഇസ്രായേലി ക്രൂരതകൾ അന്വേഷിക്കാൻ അധികാരമുണ്ടെന്ന് അന്താരാഷ്ട്ര കോടതി
text_fields
ഹേഗ്: ഫലസ്തീനീ മേഖലകളായ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തിയ ക്രൂരതകൾ അന്വേഷിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഏറെയായി ഫലസ്തീൻ ഭരണകൂടവും ഫലസ്തീനികളും നടത്തിയ സമ്മർദങ്ങൾക്കൊടുവിലാണ് ഐ.സി.സി വിധി. ഇസ്രായേൽ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതകൾ അന്വേഷിക്കണമെന്ന് ഐ.സി.സി
പ്രോസിക്യൂട്ടർ ഫാതൂ ബെൻസൂദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റം നടന്നതിന് പ്രാഥമിക തെളിവുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അവരുടെ ആവശ്യം.
നീതിയുടെയും മനുഷ്യത്വത്തിെൻറയും വിജയമാണ് വിധിയെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷാത്വി പറഞ്ഞു. ഇരകളിൽനിന്ന് ഇറ്റിയ ചോരക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള വിജയമാകും ഇതെന്നും അദ്ദേഹം പറഞ്ഞു.
വിധിക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു രംഗത്തെത്തി. ജനാധിപത്യ രാജ്യങ്ങൾക്ക് സ്വയം രക്ഷക്കുള്ള അവകാശം അപായപ്പെടുത്തുന്നതാണ് വിധിയെന്ന് നെതന്യാഹു പറഞ്ഞു. ഐ.സി.സി അംഗമല്ലാത്ത ഇസ്രായേൽ, തങ്ങളുടെ പൗരന്മാരെയും പട്ടാളക്കരെയും എല്ലാവിധ പ്രോസിക്യൂഷൻ നടപടികളിൽനിന്നും സംരക്ഷിക്കുമെന്നും അവകാശപ്പെട്ടു.
ഒരു വർഷം മുമ്പാണ് പ്രോസിക്യൂട്ടർ ബെൻസൂദ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നത്. ഇസ്രായേൽ സേനക്കൊപ്പം ഹമാസിനെയും പ്രതിപ്പട്ടികയിൽ ചേർത്തായിരുന്നു നിർദേശം.
2002 മുതൽ ആഗോള നീതിന്യായ സംവിധാനമായി പ്രവർത്തിച്ചുവരുന്ന ഐ.സി.സിക്ക് വംശഹത്യ, മനുഷ്യത്വത്തിനെതിരായ അതിക്രമം തുടങ്ങിയ കേസുകൾ അന്വേഷിക്കാൻ അവകാശമുണ്ട്. ഇതിനാധാരമായ റോം നിയമം ഒപ്പുവെക്കാതെ പരിധിക്കു പുറത്തുനിൽക്കാൻ ഇസ്രായേൽ ശ്രമം തുടരുന്നുണ്ടെങ്കിലും 2015ൽ ഫലസ്തീന് യു.എൻ അംഗീകാരം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി പ്രകാരം 1967നു ശേഷം ഇസ്രായേൽ അധിനിവേശം നടത്തിയ മേഖലകളിൽ നടന്ന അതിക്രമങ്ങൾ അന്വേഷിക്കാനാകും. ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവക്കു പുറമെ കിഴക്കൻ ജറൂസലമിലെയും ക്രൂരതകൾ ഇതോടെ ഐ.സി.സി അന്വേഷണ പരിധിയിൽ വരും.
ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപെടെ മനുഷ്യാവകാശ സംഘടനകൾ വിധി സ്വാഗതം ചെയ്തു. അതേ സമയം, ഇസ്രായേലിനെ പ്രതിക്കൂട്ടിലാക്കുന്ന ഐ.സി.സി തീരുമാനത്തിൽ ആശങ്ക അറിയിച്ച് യു.എസ് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.