മഞ്ഞുരുക്കം: ഹിമതടാകങ്ങളുടെ വിസ്തൃതി വർധിക്കുന്നുവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ത്വരിതഗതിയിലുള്ള മഞ്ഞുരുക്കത്തെതുടർന്ന് ഹിമാലയൻ മേഖലയിലുടനീളമുള്ള തടാകങ്ങളുടെ വിസ്തൃതി ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. 2011 മുതൽ 2024 വരെ മേഖലയിലെ തടാകങ്ങളുടെ വിസ്തൃതിയിൽ 10.81 ശതമാനം വർധന രേഖപ്പെടുത്തിയതായി കേന്ദ്ര ജല കമീഷൻ റിപ്പോർട്ട് പറയുന്നു. ഇത് മേഖലയിൽ ഹിമതടാകങ്ങൾ തകർന്നുള്ള പ്രളയമടക്കം സാഹചര്യങ്ങൾക്ക് കാരണമായേക്കാം.
ഇന്ത്യയുടെ പരിധിയിൽ വരുന്ന മേഖലകളിലെ തടാകങ്ങളിൽ കൂടുതൽ സങ്കീർണമാണ് സ്ഥിതിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തിനകത്തെ ഹിമതടാകങ്ങളുടെ മൊത്തം വിസ്തീർണം 2011ൽ 1,962 ഹെക്ടറായിരുന്നു. ഇത് 2024 സെപ്റ്റംബറിലെ കണക്കുപ്രകാരം 2,623 ഹെക്ടറായി വർധിച്ചു. വലിയവിഭാഗം തടാകങ്ങളുടെ വിസ്തൃതിയിൽ 33.7 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
മേഖലയിൽ ഇതേ കാലയളവിൽ 40 ശതമാനത്തിലധികം ഉപരിതല വിസ്തൃതി വർധിച്ച 67 തടാകങ്ങളെ റിപ്പോർട്ടിൽ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ മേഖലകളിലാണ് കൂടുതൽ മഞ്ഞുരുക്കമുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമാണ് ത്വരിതഗതിയിലുള്ള മഞ്ഞുരുക്കം. ഹിമാലയൻ താഴ്വരകളിലെ ജനവാസമേഖലക്ക് വലിയ അപകടഭീഷണിയാണ് വിസ്തൃതി വർധിച്ചുവരുന്ന തടാകങ്ങളെന്നും റിപ്പോർട്ട് പറയുന്നു. ഭൂട്ടാൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളുമായി ചേർന്ന് സമഗ്രപദ്ധതി ആവിഷ്കരിക്കേണ്ട ആവശ്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.