കോവിഡ് രോഗികൾക്ക് വില്ലനായി 'ബ്ലാക്ക് ഫംഗസ്'; ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുമെന്ന് ഐ.സി.എം.ആർ
text_fieldsന്യൂഡൽഹി: അനിയന്ത്രിത പ്രമേഹവും ദീർഘകാല ഐ.സി.യു വാസവുമുള്ള കോവിഡ് രോഗികളിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈകോസിസ്) ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായി മാറിയേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) മുന്നറിയിപ്പ്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നതെന്നും ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും പുറത്തിറക്കിയ മാർഗനിർദേശരേഖയിൽ പറയുന്നു. മ്യൂകോർമൈകോസിസിന്‍റെ ലക്ഷണങ്ങളും പരിശോധനയും കൈകാര്യം ചെയ്യേണ്ട രീതിയുമെല്ലാം മാർഗനിർദേശരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഈ രോഗത്തിന് വഴിയൊരുക്കുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണമാകുന്നത്. സാധാരണയായി തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗിയെ ഓക്സിജൻ സഹായത്തിൽ കിടത്തുമ്പോൾ അതിലെ ഹ്യുമിഡിഫയറിൽ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വർധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണം. ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുമെന്ന് വരെയാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. മരണകാരിയായ ബ്ലാക്ക് ഫംഗസ് പലർക്കും അന്ധതയ്ക്കും കാരണമാകാറുണ്ട്.
മൂക്കിനും കണ്ണിനും ചുറ്റും വേദനയോടെ ചുവന്ന നിറം ഉണ്ടാകുക, പനി, തലവേദന, ചുമ, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്, രക്തം ഛർദിക്കൽ, മുഖ വീക്കം, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് ലക്ഷണങ്ങളായി കണ്ടെത്തിയിരിക്കുന്നത്. അനിയന്ത്രിത പ്രമേഹ രോഗമുള്ളവരിൽ സൈനസൈറ്റിസ്, മുഖത്തിന്‍റെ ഒരു വശത്തിന് വേദന, പല്ലുവേദന, വേദനയോടെ മങ്ങിയ അല്ലെങ്കിൽ ഇരട്ട കാഴ്ച, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹ രോഗികർ, അവയവമാറ്റം നടത്തിയവർ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹമുള്ളവർ കോവിഡ് ഭേദമായി കഴിഞ്ഞാൽ നിരന്തരം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണമെന്നും സ്റ്റെറോയ്ഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും ഐ.സി.എം.ആർ ചൂണ്ടിക്കാട്ടുന്നു. സ്റ്റെറോയ്ഡുകളും ആൻറി ബയോട്ടിക്കുകളും ഉപയോഗിക്കേണ്ടവർ കൃത്യമായ അളവിലും സമയത്തും ഇടവേളകളിലുമാണ് അവ കഴിക്കേണ്ടത്. ഓക്സിജൻ ചികിത്സ നടത്തുേമ്പാൾ അതിലെ ഹ്യുമിഡിഫയറിൽ സ്റ്റെറിലൈസ് ചെയ്ത ശുദ്ധവെള്ളം ഉപയോഗിക്കാനും ശ്രദ്ധിക്കണം.
Evidence based Advisory in the time of #COVID-19 (𝐒𝐜𝐫𝐞𝐞𝐧𝐢𝐧𝐠, 𝐃𝐢𝐚𝐠𝐧𝐨𝐬𝐢𝐬 & 𝐌𝐚𝐧𝐚𝐠𝐞𝐦𝐞𝐧𝐭 𝐨𝐟 𝐌𝐮𝐜𝐨𝐫𝐦𝐲𝐜𝐨𝐬𝐢𝐬) @MoHFW_INDIA @PIB_India @COVIDNewsByMIB @MIB_India #COVID19India #IndiaFightsCOVID19 #mucormycosis #COVID19Update pic.twitter.com/iOGVArojy1
— ICMR (@ICMRDELHI) May 9, 2021
മഹാരാഷ്ട്രയിൽ മരിച്ചത് എട്ടുപേർ
മഹാരാഷ്ട്രയിൽ കോവിഡിനെ അതിജീവിച്ച എട്ടുപേർ ബ്ലാക്ക് ഫംഗസ് ബാധ കാരണം മരിച്ചെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.എം.ഇ.ആർ) ഡയറക്ടർ ഡോ. തത്യാറാവു ലഹാനെ അറിയിച്ചു. നിലവിൽ 200 പേർ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാക് ഫംഗസ് കണ്ടെത്തുന്ന രോഗിയുടെ ഒരു കണ്ണ് പൂർണമായും എടുത്തു കളഞ്ഞാൽ ജീവൻ നിലനിർത്താനായേക്കുമെന്നും അദ്ദേഹം പറയുന്നു. രോഗബാധിതർക്ക് 21 ദിവസത്തേക്ക് ഒരു പ്രത്യേക കുത്തിവയ്പ്പ് നൽകിയാലും രക്ഷപ്പെടും. എന്നാൽ ഇതിന് പ്രതിദിനം 9000 രൂപ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.
സൂറത്തിലും കോവിഡ് ഭേദമായവരിൽ ബ്ലാക് ഫംഗസ് കണ്ടുവരുന്നതായി കിരൺ സൂപ്പർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ചെയർമാൻ മഥുർ സവാനി വെളിപ്പെടുത്തിയിരുന്നു. 50 പേർക്ക് ചികിത്സ നടത്തികൊണ്ടിരിക്കുകയാണെന്നും 60 പേർ ചികിത്സ കാത്തിരിക്കുകയാണെന്നും ഏഴുപേരുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. കർണാടകയിലും കോവിഡ് ഭേദമായവരിൽ ഈ രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.