വാക്സിനെടുത്ത ഇന്ത്യക്കാരിൽ 80 ശതമാനത്തിലധികം പേരിലും കണ്ടുവരുന്നത് ഡെൽറ്റ വകഭേദം
text_fieldsന്യൂഡൽഹി: ഒന്നോ രണ്ടോ ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിതരായവരിൽ കൂടുതൽ പേരെയും ബാധിച്ചത് ഡെൽറ്റ വകഭേദമാണെന്ന് ഐ.സി.എം.ആർ പഠനം. വാക്സിനേഷന് ശേഷം കോവിഡ് ബാധിതരെ വെച്ച് നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണിത്. ഇന്ത്യയിൽ വാക്സിനേഷന് ശേഷം കോവിഡ് ബാധിതരായവരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഡെൽറ്റ വകഭേദമാണെന്ന് പഠനം കാണിക്കുന്നു.
കുത്തിവെപ്പ് എടുത്തവരിൽ മരണനിരക്ക് വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉൾപെടുത്തിയാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ 71 പേരാണ് കോവാക്സിൻ സ്വീകരിച്ചത്. 604 ആളുകൾ കോവിഷീൽഡ് ആണ് സ്വീകരിച്ചത്. രണ്ടുപേർ ചൈനയുടെ സിനോഫാം വാക്സിനെടുത്തവരാണ്.
വാക്സിനേഷന് വിധേയരായ ആളുകളിൽ മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്. ബ്രേക്ക്ത്രൂ രോഗബാധയുണ്ടായ 86.09 ശതമാനം ആളുകളെയും ഡെൽറ്റ വകഭേദമാണ് ബാധിച്ചത്. ഇതിൽ 9.8 ശതമാനം പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. വാക്സിനേഷൻ ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി കുറക്കുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്.
പഠനവിധേയമാക്കിയവരിൽ 482 കേസുകളിൽ (71 ശതമാനം) േരാഗലക്ഷണങ്ങൾ കാണിച്ചിരുന്നു. 29 ശതമാനം ആളുകൾക്ക് മാത്രമാണ് രോഗലക്ഷണം ഇല്ലാതിരുന്നത്. പനിയാണ് (69 ശതമാനം) ഏറ്റവും കൂടുതലായി കണ്ടുവന്ന രോഗലക്ഷണം. തലവേദന, ഓക്കാനം (56%), ചുമ (45%), തൊണ്ടവേദന (37%), മണവും രുചിയും നഷ്ടപ്പെടുക (22%), വയറിളക്കം (6%), ശ്വസനത്തിൽ ബുദ്ധിമുട്ട് (6%) എന്നീ ക്രമത്തിൽ മറ്റ് ലക്ഷണങ്ങളും കണ്ടുവരുന്നു. വാകസിനെടുത്തവരിൽ ഡെൽറ്റ വകഭേദത്തോടൊപ്പം കാപ്പ വകഭേദവും കണ്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.