കൊവാക്സിൻ വിലയുടെ അഞ്ചുശതമാനം ഐ.സി.എം.ആറിന് റോയൽറ്റി; ആ തുകയെങ്കിലും കുറക്കാമായിരുന്നുവെന്ന് ആവശ്യം
text_fieldsമുംബൈ: രാജ്യം സ്വന്തമായി ഉൽപാദിപ്പിച്ച കോവിഡ് വാക്സിനായ കൊവാക്സിന്റെ വിറ്റുവരവിന്‍റെ അഞ്ചു ശതമാനം ഇന്ത്യൻ കൗൺസിൽ ഓഫ് െമഡിക്കൽ റിസർച്ചി(ഐ.സി.എം.ആർ)ന്. ആറു മാസത്തിൽ തുക കണക്കാക്കി കൈമാറണമെന്നാണ് വ്യവസ്ഥ. സ്വകാര്യ വിപണിയിൽ 1,410 രൂപ വരുന്ന കൊവാക്സിൻ നിലവിൽ ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഏറ്റവും വില കൂടിയ കോവിഡ് വാക്സിനാണ്. ഭാരത് ബയോടെകാണ് നിലവിൽ വിപണിയിലെത്തിക്കുന്നത്.
ഇതുവരെയായി രാജ്യത്ത് അഞ്ചു കോടിയിലേറെ കൊവാക്സിൻ ഡോസുകൾ നൽകിയതായാണ് സർക്കാറിന്‍റെ 'കോവിൻ വെബ്സൈറ്റ്' കണക്കുകൾ പറയുന്നത്. മരുന്ന് വികസിപ്പിക്കുന്നതിനും ക്ലിനിക്കൽ പരിശോധനക്കുമായി കേന്ദ്ര സർക്കാർ 35 കോടി രൂപ മുടക്കിയിരുന്നു. ഇത് കണക്കാക്കിയാണ് അഞ്ചു ശതമാനം റോയൽറ്റി ഐ.സി.എം.ആറിന് നൽകുന്നതെന്നാണ് വിശദീകരണം. എന്നാൽ, സർക്കാർ 35 കോടി മുടക്കിയിട്ടുണ്ടെങ്കിൽ ഭാരത് ബയോടെക് 650 കോടി മുടക്കിയിട്ടുണ്ടോയെന്നാണ് വിദഗ്ധർ ഉന്നയിക്കുന്ന ചോദ്യം. സർക്കാറും സ്വകാര്യ കമ്പനിയും തമ്മിൽ ഈ വിഷയത്തിൽ ഒത്തുകളി സംശയിക്കണമെന്ന് ജൻ സ്വാസ്ഥ്യ അഭിയാനിലെ അമൂല്യ നിധി കുറ്റപ്പെടുത്തുന്നു.
സർക്കാർ പണം മുടക്കി നിർമിച്ച മരുന്ന് സ്വകാര്യ കമ്പനി വലിയ വിലയിട്ട് വിൽക്കുന്ന സാഹചര്യം ഒഴിവാക്കി സാങ്കേതികയും ലൈസൻസും മറ്റുള്ളവർക്ക് കൂടി കൈമാറി വില കുറയാൻ അവസരമൊരുക്കുകയാണ് വേണ്ടിയിരുന്നതെന്ന ആവശ്യവും ശക്തമാണ്. അഞ്ചു ശതമാനം റോയൽറ്റി തുകയെങ്കിലും ഒഴിവാക്കി സാധാരണക്കാരന് വാക്സിൻ ചെറിയ നിരക്കിൽ ലഭ്യമാക്കുകയാണ് വേണ്ടതെന്ന് പറയുന്നവരുമേറെ.
അതേ സമയം, ''ഐ.സി.എം.ആറും ഭാരത് ബയോടെകും തമ്മിലെ സർക്കാർ- സ്വകാര്യ ധാരണപത്രത്തിൽ റോയൽറ്റി നൽകുമെന്ന വകുപ്പുമുണ്ടെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.