ജാമിഅ കാമ്പസിൽ കയറിയത് കല്ലെറിഞ്ഞവരെ പിടികൂടാൻ -ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം നേരിടുന്നതിനിടെ ജാമിഅ മിലിയ ഇസ്ലാമിയ കാമ്പസിൽ കയറിയത് കല്ലെറിഞ്ഞവരെ പിടികൂടാനാണെന്ന വിശദീകരണവുമായി ഡൽഹി പൊലീസ്.
വിദ്യാർഥികൾക്കിടയിൽ നുഴഞ്ഞുകയറി പൊലീസിനെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഡൽഹി പൊലീസ് പി.ആർ.ഒ എം.എസ്. രൺധവ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികൾ സംഘടിപ്പിച്ച പ്രക്ഷോഭം നേരിടുന്നതിൽ പൊലീസ് പരമാവധി സംയമനം പാലിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. വിദ്യാർഥികളല്ലാത്ത പ്രദേശവാസികളും അതിൽ ഉൾപ്പെട്ടിരുന്നു.
ഏറെ പ്രകോപനപരമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും പൊലീസ് കഴിയുന്നത്ര സംയമനം പാലിച്ചു. 4.30ഓടെ ചിലർ മാതാ മന്ദിർ മാർഗിൽ ബസ് കത്തിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. അതേസമയം, പൊലീസുകാരാണ് ബസ് കത്തിച്ചതെന്ന ആരോപണം പി.ആർ.ഒ നിഷേധിച്ചു. ‘പൊലീസുകാരല്ല ബസ് കത്തിച്ചത്. തീ കെടുത്താനാണ് പൊലീസ് ശ്രമിച്ചത്’ -രൺധവ വ്യക്തമാക്കി. ജാമിഅയിലെ സംഘർഷം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അവ വിശ്വസിക്കരുതെന്നാണ് എല്ലാവരോടും, പ്രത്യേകിച്ച് വിദ്യാഥികളോട്, പൊലീസിന് പറയാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.