തെലങ്കാനയിൽ ബി.ആർ.എസ് അതിജീവിക്കുമോ?
text_fieldsതെലുങ്കു ദേശം വിട്ട് ദേശീയ പാർട്ടിയാവാൻ പേരുമാറ്റിയെങ്കിലും സ്വത്വ പ്രതിസന്ധിയിൽ ഉഴലുകയാണ് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്). നിയമസഭ തെരഞ്ഞെടുപ്പിൽ കൈവിട്ട തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന പ്രകടനം ആവർത്തിച്ചാൽ അത്രയെളുപ്പമൊന്നും തിരിച്ചുവരാനാവാത്തവിധം ബി.ആർ.എസ് പതനത്തിലേക്ക് നീങ്ങും. തെലങ്കാനയിലെ മാറുന്ന രാഷ്ട്രീയതരംഗം തന്നെയാണ് പാർട്ടിക്ക് തിരിച്ചടിയാവുന്നത്. ബി.ആർ.എസിൽനിന്ന് നേതാക്കൾ കോൺഗ്രസിലേക്കും ബി.ജെ.പിയിലേക്കും ചേക്കേറുന്നു. ബി.ആർ.എസ് എം.എൽ.എയായിരിക്കെയാണ് സെക്കന്ദരാബാദ് സീറ്റിൽ ധാനം നാഗേന്ദ്ര കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഇത്തവണ മഹാരാഷ്ട്രയുടെ അതിർത്തി മണ്ഡലങ്ങളിലടക്കം ശക്തി പരീക്ഷിക്കുന്നുണ്ടെങ്കിലും തെലങ്കാനയിലെ സിറ്റിങ് സീറ്റുകൾ പോലും നിലനിർത്താനാവുമോ എന്ന കാര്യം സംശയകരമാണ്.
ബി.ആർ.എസ് വിജയിച്ചാലേ തെലങ്കാന എന്ന അഭിമാനബോധം ഉയരുകയുള്ളൂ എന്നാണ് പാർട്ടി അധ്യക്ഷൻ കെ. ചന്ദ്രശേഖർ റാവു പ്രചാരണവേദികളിൽ ജനങ്ങളോട് പറയുന്നത്. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും എം.പിമാർ അവരുടെ നേതാക്കൾ പറയുന്ന പോലെയേ പ്രവർത്തിക്കൂ എന്നും ബി.ആർ.എസിന്റെ എം.പിമാർ തെലങ്കാന എന്ന വികാരമാണ് പാർലമെന്റിൽ ഉയർത്തിപ്പിടിക്കുകയെന്നും കെ.സി.ആർ പറയുന്നു. ഈ വികാരമുണർത്തി എത്രകാലം ബി.ആർ.എസിന് പിടിച്ചുനിൽക്കാനാവും എന്നതാണ് ചോദ്യം.
10 വർഷം തെലങ്കാന ഭരിച്ച കെ.സി.ആർ ഫാം ഹൗസിലിരുന്ന് ഭരണം നിയന്ത്രിക്കുകയായിരുന്നെന്ന ആക്ഷേപം ശക്തമായിരുന്നു. ജനങ്ങൾക്കുവേണ്ടി തെരുവിലിറങ്ങുന്ന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. പുതിയ സംസ്ഥാനമെന്ന നിലക്ക് തെലങ്കാനയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കെ.സി.ആറിന് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മേജർ പദ്ധതികളിലൊന്നായ കാളിശ്വരം ജലസേചന പദ്ധതിയിൽ വൻ അഴിമതിയാണ് നടന്നത്.
1.2 ലക്ഷം കോടിയുടേതാണ് പദ്ധതി. കെ.സി.ആർ കുടുംബത്തിലേക്കുള്ള എ.ടി.എമ്മാണ് കാളീശ്വരം പദ്ധതിയെന്നായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം. ബി.ആർ.എസിന്റെ തോൽവിയുടെ പ്രധാന കാരണവുമിതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രേവന്ത് റെഡ്ഡി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനൊരുങ്ങുന്നത് കെ.സി.ആറിനെ വീണ്ടും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കാളീശ്വരം പദ്ധതിയിലെ അഴിമതി ഗോദാവരി, കൃഷ്ണ നദീ തടങ്ങളിൽ പ്രചാരണ വേദികളിൽ പ്രധാന ചർച്ചയാണ്. കെ.സി.ആറിന്റെ മകൾ കെ. കവിതയെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ജയിലിലടച്ചെങ്കിലും ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാര്യമായ ചർച്ചയാക്കാൻ ബി.ആർ.എസിന് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന ആരോപണമാണ് പ്രധാനമായും ബി.ആർ.എസ് ഉയർത്തുന്നത്.
അവിഭക്ത ആന്ധ്രയിൽ ഉപമുഖ്യമന്ത്രിയായിരിക്കെ, 2001 ഏപ്രിൽ 27നാണ് തെലങ്കാന സംസ്ഥാനമെന്ന ആവശ്യമുയർത്തി കെ. ചന്ദ്രശേഖർ റാവു എന്ന കെ.സി.ആർ തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി) വിട്ട് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) രൂപവത്കരിക്കുന്നത്. തുടർന്ന് തെലങ്കാന പ്രക്ഷോഭത്തിന് മുന്നിൽ നിന്ന പാർട്ടി 2014 ജൂൺ രണ്ടിന് പുതിയ സംസ്ഥാനത്തിന്റെ പിറവിയോടെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി. ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ 63 സീറ്റ് സമ്മാനിച്ച് ജനം കെ.സി.ആറിനെ ഒറ്റക്ക് ഭരണത്തിലേറ്റി. ലോക്സഭ തെരഞ്ഞെടുപ്പിൽ 17ൽ 11 സീറ്റും പിടിച്ചു. 2019 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ അടക്കമുള്ള പാർട്ടികൾ ചേർന്ന് മഹാസഖ്യം രൂപപ്പെടുത്തിയിട്ടും ടി.ആർ.എസിന്റെ ജനപ്രീതിയെ മറികടക്കാനായില്ല. 88 സീറ്റാണ് കെ.സി.ആർ വാരിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റ് നിലനിർത്തുകയും ചെയ്തു.
ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണുവെച്ചാണ് കെ.സി.ആർ 2022 ഒക്ടോബർ അഞ്ചിന് ടി.ആർ.എസിന്റെ പേരുമാറ്റി ബി.ആർ.എസ് (ഭാരത് രാഷ്ട്ര സമിതി) ആക്കിയത്. പക്ഷേ, പേരുമാറ്റമൊന്നും പാർട്ടിക്ക് ഗുണം ചെയ്തില്ല. കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി അസ്സലായി തോറ്റു. 119ൽ വെറും 39 സീറ്റാണ് ബി.ആർ.എസിന് നേടാനായത്. 14 ശതമാനം വോട്ട് ബി.ആർ.എസിൽനിന്നകന്നു. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ പിന്തുണ ബി.ആർ.എസിനുണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും ഹൈദരാബാദ് ഒഴികെയുള്ള മണ്ഡലങ്ങളിൽ മീം പാർട്ടിയുടെ പിന്തുണ ബി.ആർ.എസിനുണ്ട്. പ്രത്യക്ഷ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇരു പാർട്ടികളും തമ്മിൽ രഹസ്യധാരണയാണുള്ളത്.
അസ്തിത്വ പ്രതിസന്ധിയിൽനിന്ന് കരകയറാൻ പഴയ പേരിലേക്ക് തിരിച്ചുപോകാനും ബി.ആർ.എസ് ശ്രമിക്കുന്നുണ്ട്. പേരിലെ തെലങ്കാന ഒഴിവാക്കി സംസ്ഥാനത്ത് നിലനിൽപില്ലെന്ന് അവർ കരുതുന്നു. പാർട്ടിയുടെ പേര് ടി.ആർ.എസ് എന്നതിലേക്ക് തിരിച്ചുകൊണ്ടുപോകാൻ കഴിയുമോ അതല്ല രണ്ടും നിലനിർത്താനാവുമോ എന്നതിന്റെ നിയമവശം ബി.ആർ.എസ് തേടുന്നുണ്ട്.
തെലങ്കാനയിൽ ടി.ആർ.എസും മറ്റു സംസ്ഥാനങ്ങളിൽ ബി.ആർ.എസുമായി തുടരാനാവുമോ എന്ന സാധ്യതയാണ് പരിശോധിക്കുന്നത്. ടി.ആർ.എസിൽനിന്ന് ബി.ആർ.എസിലേക്കുള്ള മാറ്റം പാർട്ടിയുടെ ആത്മാവുതന്നെ നഷ്ടപ്പെടുത്തിയെന്നാണ് അണികളുടെ വികാരം. കർണാടകയിൽ ജെ.ഡി-എസ് തകർച്ചയിലേക്ക് നീങ്ങുന്ന വഴിയെയാണ് തെലങ്കാനയിൽ ബി.ആർ.എസും സഞ്ചരിക്കുന്നത്. ബി.ആർ.എസ് ദുർബലമാവുന്നത് തെലങ്കാനയിൽ കോൺഗ്രസിനെക്കാളേറെ ബി.ജെ.പിക്കാവും ഗുണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.