സവർക്കറുടെ ചിത്രങ്ങളിൽ തൊട്ടാൽ കൈവെട്ടുമെന്ന് പ്രമോദ് മുത്തലിക്
text_fieldsബംഗളൂരു: ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറുടെ ചിത്രങ്ങളിൽ ആരെങ്കിലും കൈവെച്ചാൽ ആ കൈ വെട്ടി വലിച്ചെറിയുമെന്നും ഇത് മുന്നറിയിപ്പാണെന്നും രാഷ്ട്രീയ ഹിന്ദുസേന നേതാവ് പ്രമോദ് മുത്തലികിന്‍റെ ഭീഷണി. സവർക്കറുടെ സംഭാവനകൾ പ്രചരിപ്പിക്കാൻ തന്‍റെ അനുയായികൾ ജനങ്ങളെ ബോധവത്കരിക്കും. സവർക്കർ മുസ്ലിംകളുടെ ശത്രുവായിരുന്നില്ല, ബ്രിട്ടീഷുകാരുടെ ശത്രുവായിരുന്നു. സവർക്കർക്ക് ആദരമായി ഇന്ദിര ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതൊന്നും കോൺഗ്രസുകാർക്ക് അറിയില്ല. ആരെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിച്ചാൽ നോക്കിനിൽക്കില്ലെന്നും മുത്തലിക് പറഞ്ഞു.
കർണാടകയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ സംഘടനകൾ സവർക്കറുടെ ചിത്രങ്ങൾ ഉയർത്തിയതിനെ തുടർന്നുള്ള വിവാദം തുടരുകയാണ്. സ്വാതന്ത്ര്യ ദിനത്തിൽ ശിവമൊഗ്ഗയിലും ഉഡുപ്പിയിലും സവർക്കറുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. തുടർന് സിദ്ധരാമയ്യക്കെതിരെ സംഘ്പരിവാർ ചീമുട്ടയെറിയുന്ന സ്ഥിതി വരെയെത്തി. കഴിഞ്ഞദിവസം വിജയപുരയിലെ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്‍റെ പുറത്ത് ചുവരിലും ജനലിലും ബി.ജെ.പി പ്രവർത്തകർ സവർക്കറുടെ ചിത്രങ്ങൾ പതിച്ചിരുന്നു. പൊലീസാണ് ഇവ മാറ്റിയത്.
ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിൽ മോചിതനായ സവർക്കറെ വീർ സവർക്കർ എന്നാണ് വിളിക്കുന്നതെന്നും സ്വാതന്ത്ര്യ സമരസേനാനിയാക്കി അവതരിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ പരിഹസിച്ചിരുന്നു. ആഗസ്റ്റ് 31ന് നടക്കുന്ന ഗണേശോത്സവത്തിൽ വിവിധയിടങ്ങളിൽ സവർക്കറുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.