കാശി തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നതിന് തുടക്കം കുറിച്ച് മോദി
text_fieldsബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കുന്നതിന് പിന്നാലെ കാശിയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗപ്പെടുത്താനൊരുങ്ങി സംഘ്പരിവാറും ബി.ജെ.പിയും. ഇതിന് മുന്നോടിയായി കാശിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തീവ്ര ഹിന്ദുത്വ നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ അടക്കം കാശി വിഷയം ഉയർത്തിയാകും ബി.ജെ.പിയുടെ പ്രചാരണം. കഴിഞ്ഞ ദിവസം വാരാണസിയിൽ നടന്ന 'ഭവ്യകാശി' പരിപാടിയിൽ ഹിന്ദുത്വയെ ആളിക്കത്തിക്കുന്ന വാക്കുകളാണ് മോദി പ്രയോഗിച്ചത്.
അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽനിന്ന്:
കാലചക്രം നോക്കൂ, കാശി മുന്നോട്ട് പോകുമ്പോൾ, ഭീകരതയുണ്ടാക്കിയവർ ചരിത്രത്തിന്‍റെ താളുകളിൽ ഒതുങ്ങിയിരിക്കുന്നു.
കാശി ചരിത്രവും അതിന്‍റെ ഉയർച്ച താഴ്ചയും കണ്ടിട്ടുണ്ട്. എത്രയോ സുൽത്താൻമാർ വന്നു പോയി. എന്നാൽ ഈ സ്ഥലം ഇപ്പോഴും ഇവിടെയുണ്ട്. സംസ്‌കാരത്തെ റാഡിക്കലിസം ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച ഔറംഗസീബിന്‍റെ മർദ്ദനമാണ് ചരിത്രം കണ്ടത്. എന്നാൽ ഈ രാജ്യത്ത് ഒരു ഔറംഗസേബ് വന്നപ്പോൾ ശിവജിയും വന്നു.
വാരാണസിയിലെ ജനങ്ങളുടെ വിശ്വാസവുമായാണ് ഞാൻ വാരാണസിയിൽ വന്നത്.
വാരാണസിയിലെ ആളുകളെ ചിലർ സംശയിച്ചിരുന്നതായി ഞാൻ ഓർക്കുന്നു. വാരാണസിയെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം ഉണ്ടായതിൽ ഞാൻ അത്ഭുതപ്പെട്ടു. എന്നാൽ 'കാശി കാശിയാണ്'.
വിശ്വനാഥ് ധാം ഇന്ന് ഊർജ്ജം നിറഞ്ഞതാണ്, അതിന്‍റെ പ്രാധാന്യം വ്യക്തമാണ്. സമീപപ്രദേശങ്ങളിൽ നഷ്ടപ്പെട്ട നിരവധി പുരാതന ക്ഷേത്രങ്ങൾ വീണ്ടും പുനഃസ്ഥാപിച്ചു. ദേവൻ തന്‍റെ ഭക്തരുടെ സേവയിൽ സന്തുഷ്ടനാണ്, അതുകൊണ്ടാണ് അദ്ദേഹം ഇന്ന് നമ്മെ അനുഗ്രഹിച്ചിരിക്കുന്നത്.
നമ്മുടെ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പുരോഗതിയുടെയും പ്രതിഫലനമാണ് കാശി വിശ്വനാഥ സമുച്ചയം. നിങ്ങൾ ഇവിടെ വരുമ്പോൾ, നിങ്ങളെ ഇവിടെ എത്തിക്കുന്നത് വിശ്വാസത്തിന് മാത്രമല്ല, ഭൂതകാലത്തെക്കുറിച്ച് നിങ്ങൾ അഭിമാനിക്കുകയും പുരാതനവും വർത്തമാനവും ഇവിടെ എങ്ങനെ ഇടകലരുന്നുവെന്ന് കാണുകയും ചെയ്യുന്ന ഒരു സ്ഥലം കൂടിയാണിത് -മോദി പറഞ്ഞു. രാജ്യത്ത് ആയിരക്കണക്കിന് സ്ഥലങ്ങളിൽ മോദിയുടെ പരിപാടി കാണാൻ ബി.ജെ.പി സൗകര്യം ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.