ബാബരി തകർത്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു - ഉവൈസി
text_fieldsന്യൂഡൽഹി: 500 വർഷമായി മുസ്ലിങ്ങൾ പ്രാർത്ഥിച്ചിരുന്ന ബാബരി മസ്ജിദ് ഇന്ത്യൻ മുസ്ലീങ്ങളിൽ നിന്ന് ആസൂത്രിതമായി കൈക്കലാക്കിയതാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. കർണാടകയിലെ കൽബുർഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വിശ്വ ഹിന്ദു പരിഷത് രൂപീകരിക്കുന്ന സമയത്ത് ക്ഷേത്രം നിർമിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിങ്ങൾ 500 വർഷങ്ങളോളം ബാബരി മസ്ജിദിൽ നമസ്കരിച്ചിരുന്നു. കോൺഗ്രസിന്റെ ജി.ബി പന്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഗ്രഹങ്ങൾ പള്ളിക്ക് ഉള്ളിലായിരുന്നു സ്ഥാപിച്ചിരുന്നത്. നായരായിരുന്നു അക്കാലത്ത് അയോധ്യയുടെ കളക്ടർ. അദ്ദേഹം പള്ളി അടച്ചുപൂട്ടുകയും പിന്നാലെ പ്രദേശത്ത് ആരാധന ആരംഭിക്കുകയും ചെയ്തു. വി.എച്ച്.പി രൂപീകരിച്ച സമയത്ത് അത്തരമൊരു രാമക്ഷേത്രം അവിടെയുണ്ടായിരുന്നില്ല, ഉവൈസി പറഞ്ഞു.
മഹാത്മാഗാന്ധി രാമക്ഷേത്രത്തെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ലെന്നും 1992ൽ ബാബരി തകർത്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഇതൊന്നും കാണേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. അരവിന്ദ് കെജ്രിവാളിനെ പോലെയുള്ള നേതാക്കൾ ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്തുന്ന തിരക്കിലാണെന്നും ന്യൂനപക്ഷങ്ങളെ കുറിച്ച് സംസാരിക്കാൻ അവർ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ചൊവ്വാഴ്ചയും ഹനുമാൻ ചലിസ ചൊല്ലുമെന്ന കെജ്രിവാളിൻ്റെ പരാമർശത്തിന് പിന്നാലെയാണ് പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.