എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താൻ ശ്രമിച്ചാൽ ക്ഷേത്രങ്ങളിൽ ബുദ്ധർ ആശ്രമങ്ങൾ തിരഞ്ഞിറങ്ങും - സമാജ് വാദി പാർട്ടി നേതാവ്
text_fieldsലഖ്നൗ: എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താനാണ് ശ്രമിക്കുന്നതെങ്കിൽ ബുദ്ധർ ക്ഷേത്രങ്ങളിൽ ആശ്രമങ്ങൾ തിരഞ്ഞിറങ്ങുമെന്ന് സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. രാജ്യത്തെ മിക്ക പ്രധാന ക്ഷേത്രങ്ങളും എട്ടാം നൂറ്റാണ്ട് വരെ ബുദ്ധ ആശ്രമങ്ങളായിരുന്നു. ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് സംബന്ധിച്ചും, മധുരയിലെ കൃഷ്ണ ജന്മാസ്ഥൻ ക്ഷേത്രം-ഷാഹി ഈദ്ഗാഹ് മസ്ജിദ് സംബന്ധിച്ചും നടക്കുന്ന തർക്കങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ, പുരിയിലെ ജഗന്നാഥ ക്ഷേത്രം, കേരളത്തിലെ അയ്യപ്പ ക്ഷേത്രം, മഹാരാഷ്ട്രയിലെ വിതോബ ക്ഷേത്രം എന്നിവ എട്ടാം നൂറ്റാണ്ട് വരെ ബുദ്ധ ആശ്രമങ്ങളായിരുന്നു. പിന്നീട് അവ പൊളിച്ചുനീക്കുകയും പകരം ഹിന്ദുമത ആരാധനാലയങ്ങൾ നിർമിക്കുകയുമായിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ നമുക്ക് ചുറ്റുമുണ്ട്" - മൗര്യ പറഞ്ഞു.
തന്‍റെ ലക്ഷ്യം ഈ അമ്പലങ്ങളെ ബുദ്ധാശ്രമങ്ങളാക്കുകയല്ലെന്നും എല്ലാ പള്ളികളിലും ബി.ജെ.പി അമ്പലം തിരയുകയാണെങ്കിൽ എല്ലാ ക്ഷേത്രങ്ങളിലും ബുദ്ധർ ആശ്രമം തിരയുമെന്നും അദ്ദേഹം പറഞ്ഞു. "രാജ്യത്ത് പള്ളിയും ക്ഷേത്രവും തമ്മിലുള്ള തർക്കങ്ങൾ സൃഷ്ടിക്കുന്നതിൽ ബി.ജെ.പിക്ക് ചില ഗൂഢാലോചനകൾ ഉണ്ട്. അവർ എല്ലാ പള്ളികളിലും ക്ഷേത്രത്തെ തിരയുകയാണ്. ഇത് പക്ഷേ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കും. കാരണം എല്ലാ പള്ളികളിലും ബി.ജെ.പി ക്ഷേത്രത്തെ കണ്ടെത്താനിറങ്ങിയാൽ ബുദ്ധർ ക്ഷേത്രങ്ങളിൽ ആശ്രമങ്ങൾ തിരഞ്ഞിറങ്ങും"- മൗര്യ പറഞ്ഞു.
അതേസമയം സ്വാമി പ്രസാദ് മൗര്യയുടെ പരാമർശത്തെ അപലപിച്ച് ഉത്തർപ്രദേശ് ബി.ജെ.പി അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി രംഗത്തെത്തിയിരുന്നു. സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുന്നത് സമാജ് വാദി പാർട്ടിയുടെ നിത്യതൊഴിലായി മാറിയിരിക്കുകയാണ്. കേദർനാഥ് ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം തുടങ്ങി ഹിന്ദുത്വ മതവിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളെക്കുറിച്ചുള്ള മൗര്യയുടെ പരാമർശം വിവാദപരമാണെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നത് അദ്ദേഹത്തിന്‍റെ ബാലിശമായ രാഷ്ട്രീയം കൂടിയാണെന്നുമായിരുന്നു ഭൂപേന്ദ്ര സിംഗിന്‍റെ പരാമർശം. മൗര്യയുടെ വാക്കുകൾ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും സംഭവത്തിൽ അദ്ദേഹം മാപ്പ് പറയണമെന്നും സിംഗ് കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മൗര്യയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മൗര്യയുടെ വാക്കുകൾ കോൺഗ്രസിന്‍റെയും സഖ്യകക്ഷികളുടെയും മതവിരുദ്ധ വികാരമാണ് വ്യക്തമാക്കുന്നതെന്നായിരുന്നു ധാമിയുടെ പരാമർശം. എല്ലാ മതസ്ഥരുടെയും വിശ്വാസങ്ങൾക്ക് പ്രാധാന്യമുണ്ടെന്നും, സ്വന്തം വിശ്വാസത്തെക്കുറിച്ചുള്ള പരിഗണന മറ്റ് മതവിശ്വാസങ്ങളോടും കാണിക്കണമെന്നുമായിരുന്നു ഇതിനോട് മൗര്യയുടെ പ്രതികരണം. അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് മൗര്യ ശ്രമിക്കുന്നതെന്ന് ബി.എസ്.പി പ്രസിഡന്‍റ് മായാവതി വിമർശിച്ചു. മൗര്യയുടെ പരാമർശം പുതിയ വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്. ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരുന്നപ്പോൾ ഈ പരാമർശം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മായാവതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.