ശ്വസിക്കുന്നതിന് വകുപ്പുണ്ടായിരുന്നെങ്കിൽ ഇ.ഡി ആം ആദ്മി നേതാക്കൾക്കെതിരെ അതിനും കേസെടുത്തേനെ - അതിഷി
text_fieldsന്യൂഡൽഹി: പാർട്ടിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആക്രമണം ശക്തമാക്കുന്നതിനിടെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി. എ.എ.പി നേതാക്കൾ എങ്ങനെ ശ്വാസമടുക്കുന്നു എന്നതിൽ കൂടി ഇനി ഇ.ഡി കേസെടുക്കുമെന്നായിരുന്നു ഡൽഹി മന്ത്രിയും പാർട്ടി നേതാവുമായ അതിഷിയുടെ പ്രതികരണം. ഇ.ഡി ആർക്ക് വേണ്ടി, ആർക്കെതിരെ എന്തിന് പ്രവർത്തിക്കുന്നുവെന്നത് വ്യക്തമാണെന്നും അതിഷി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഡൽഹി ജൽ ജൻ ബോർഡിന് (ഡി.ജെ.ബി) കീഴിലുള്ള മലിനജല ശുദ്ധീകരണ പ്ലാൻ്റ് (എസ്.ടി.പി) അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 41 ലക്ഷം രൂപ പണവും രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി ഇ.ഡി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിക്കെതിരായ എ.എ.പിയുടെ വിമർശനം.
"ഇ.ഡി എന്താണ് ചെയ്യുന്നത്, ആർക്കെതിരെയാണ് പ്രവർത്തിക്കുന്നത്, ആരുടെ നിർദേശത്തിലാണ് പ്രവർത്തിക്കുന്നത് എന്നതെല്ലാം വ്യക്തമാണ്. ബി.ജെ.പിയുടെ 'വാഷിങ് മെഷീൻ' എല്ലാവരും കണ്ടതാണ്, അജിത് പവാറിൻ്റെയും കുടുംബത്തിൻ്റെയും നേരെ അവർ ബി.ജെ.പിയിൽ ചേർന്നപ്പോൾ അതെങ്ങനെ പ്രവർത്തിച്ചുവെന്നും എല്ലാവരും കണ്ടതാണ്, അത് സാമ്പത്തിക തട്ടിപ്പ് കേസായാലും ജലസേചന അഴിമതി കേസായാലും ഇ.ഡി അത് അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി.
ഹിമന്ത ബിശ്വ ശർമ ബി.ജെ.പിയുടെ മുഖ്യമന്ത്രിയായപ്പോൾ അവർ അദ്ദേഹത്തിനെതിരായ ജലവൈദ്യൂത അഴിമതി കേസ് അവസാനിപ്പിച്ചു. മദ്യ അഴിമതി കേസ് അവർ രണ്ട് വർഷത്തോളമായി അന്വേഷിക്കുന്നു. ഇതുവരെ ഒന്നും കണ്ടെനായിട്ടില്ല. ക്ലാസ്മുറികളുടെ നിർമാണത്തെ അവർ അന്വേഷിച്ചു, അവിടെയും ഒന്നും കണ്ടെത്താനായില്ല. അവർ മൊഹല്ല ക്ലിനിക്കുകൾ പരിശോധിക്കുന്നു, അവിടെയും ഒന്നും കണ്ടെത്തിയില്ല.
പാർട്ടി ബി.ജെ.പിയുടെ ഏകാധിപത്യത്തെയാണ് ചെറുക്കുന്നത്. അതിനിയും തുടരും. ഡൽഹി ജല ബോർജിനെതിരെ ഇ.ഡി കേസെടുത്തിട്ടുണ്ട്. ഇപ്പോൾ ആരോഗ്യ, വിദ്യാഭ്യാസ, വെള്ളപ്പൊക്ക വകുപ്പുകൾ മാത്രമാണ് കേസില്ലാതെ നിൽക്കുന്നത്. ശ്വസിക്കുന്നതിന് കൂടി ഒരു വകുപ്പുണ്ടായിരുന്നെങ്കിൽ എ.എ.പി നേതാക്കൾ എങ്ങനെ ശ്വാസമെടുക്കുന്നുവെന്ന് കൂടി ഇ.ഡി കേസെടുത്തേനെ," അതിഷി പറഞ്ഞു.
നഗരത്തിലെ പത്ത് എസ്.ടി.പികളുടെ നവീകരണത്തിൽ അഴിമതി ആരോപിച്ച് യൂറോടെക്ക് എൻവയോൺമെൻ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും മറ്റുള്ളവർക്കുമെതിരെ ഡൽഹി സർക്കാരിൻ്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് സമർപ്പിച്ച എഫ്.ഐ.ആറിൽ നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ തുടക്കം. 1,943 കോടി രൂപ വിലമതിക്കുന്ന നാല് ടെൻഡറുകൾ 2022 ഒക്ടോബറിൽ വിവിധ സംയുക്ത സംരംഭങ്ങൾക്ക് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.