ബിർഭും ആക്രമണം: സി.ബി.ഐ അന്വേഷണത്തിൽ ബി.ജെ.പി ഇടപെട്ടാൽ പ്രതിഷേധിക്കുമെന്ന് മമത
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. സി.ബി.ഐ അന്വേഷണത്തിന് പൂർണ പിന്തുണ നൽകുമെങ്കിലും അന്വേഷണത്തിൽ ബി.ജെ.പി ഇടപെട്ടാൽ അതിനെതിരെ പ്രതിഷേധിക്കുമെന്നും മമത മുന്നറിയിപ്പ് നൽകി.
ഒരു ടി.എം.സി പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും എല്ലായിടത്തും വിമർശിക്കപ്പെടുന്നത് തൃണമൂൽ കോൺഗ്രസ് തന്നെയാണെന്ന് മമത കൂട്ടിച്ചേർത്തു. രാംപുർഹട്ടിലെ അക്രമണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് ബംഗാൾ പൊലീസിന്‍റെ നേതൃത്വത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ്, ഡൽഹി, കർണാടക, ത്രിപുര, അസം എന്നിവിടങ്ങളിൽ ഇത്തരം നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. അവിടെ സംഭവ സ്ഥലങ്ങളിലേക്ക് ഒരു പാർട്ടി പ്രവർത്തകനെയും പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ ബിർഭുമിൽ തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെയും തടഞ്ഞിട്ടില്ലെന്നും മമത പറഞ്ഞു.
അക്രമത്തിൽ സി.ബി.ഐ ഇതുവരെ 21 പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ബംഗാൾ പൊലീസിന്‍റെ നേതൃത്വത്തിൽ തുടർന്ന അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു കൊണ്ട് കൊൽക്കത്ത ഹൈകോടതിയാണ് ഉത്തരവിട്ടത്. അന്വേഷണ പുരോഗതി കാണിച്ചു കൊണ്ടുള്ള റിപ്പോർട്ട് ഏപ്രിൽ 7ന് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.