വോട്ടിങ് യന്ത്രത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ബി.ജെ.പി 400ലേറെ സീറ്റ് ‘നേടും’ -സാം പിത്രോദ
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400ലേറെ സീറ്റ് നേടുമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതാവും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.വി.എമ്മുകളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പു കമീഷൻ നിരന്തരം പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾ വോട്ടുയന്ത്രങ്ങളുടെ സുതാര്യതയിൽ നിരന്തരം സംശയമുന്നയിക്കുന്നുണ്ട്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിന്റെ ആശങ്കകളാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പങ്കുവെക്കുന്നത്.
‘വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനമാക്കി ‘ദ സിറ്റിസൺസ് കമീഷൻ ഓൺ ഇലക്ഷൻസ്’ എന്ന എൻ.ജി.ഒ നൽകിയ റിപ്പോർട്ടിലെ പ്രധാന ശിപാർശ നിലവിലെ വിവിപാറ്റ് ഘടന മാറ്റി അവ വോട്ടർ വെരിഫൈഡ് ആക്കുകയെന്നതാണ്. മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോകുറാണ് സംഘടനയുടെ അധ്യക്ഷൻ. ആ റിപ്പോർട്ടിനോട് തെരഞ്ഞെടുപ്പ് കമീഷൻ പ്രതികരിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഞാൻ. അത് നടക്കുന്നില്ലെന്നു കണ്ടതോടെയാണ് തുറന്നുപറയാൻ ഞാൻ തീരുമാനിച്ചത്’.
മതം എന്നത് വ്യക്തിപരമായ കാര്യമാണെന്നും രാഷ്ട്രീയവുമായി അത് കൂട്ടിക്കുഴക്കരുതെന്നും രാമക്ഷേത്ര വിഷയം പരാമർശിച്ച് സാം പിട്രോദ പറഞ്ഞു. രാജ്യം മുഴുവൻ രാമക്ഷേത്രത്തിൽ കേന്ദ്രീകരിക്കുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ഉപദേശകൻ കൂടിയായിരുന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.