വിജയഭേരി മുഴക്കി ഗ്രാമങ്ങളിലേക്ക്; സർക്കാർ വാക്ക് പാലിച്ചില്ലെങ്കിൽ വീണ്ടുമെത്തുമെന്ന് കർഷകരുടെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: മാസങ്ങൾ നീണ്ട അവകാശ പോരാട്ടങ്ങൾക്കൊടുവിൽ ഗ്രാമങ്ങളിലേക്ക് മടങ്ങി കർഷകർ. ചരിത്ര സമര വിജയത്തെ ഉദ്ഘോഷിച്ചുള്ള ഫതേഹ് മാർച്ചിന് ശേഷമാണ് കർഷകരുടെ മടക്കം.
ട്രാക്ടറുകളിലേറി വിജയഘോഷങ്ങൾ മുഴക്കിയാണ് ഓരോരുത്തരും ഡൽഹി വിടുന്നത്. പ്രധാന സമരവേദിയായ സിംഘു അതിർത്തിയിൽനിന്ന് നിരവധി കർഷകർ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് യാത്ര ആരംഭിച്ചു. രാവിലെ എട്ടുമണിയോടെ വലിയൊരു വിഭാഗം കർഷകർ ഡൽഹിയിൽനിന്ന് മടങ്ങിയതായി കർഷക നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു.
കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ തയാറായിക്കഴിഞ്ഞു. നാലഞ്ചു ദിവസമെടുക്കും പൂർണമായും കർഷകർ ഡൽഹി അതിർത്തിവിടാൻ. ഡിസംബർ 15നാണ് താൻ ഡൽഹി വിടുകയെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് പറഞ്ഞു. നിലവിൽ ഗാസിപൂർ അതിർത്തിയിലാണ് അദ്ദേഹം.
സർക്കാർ തങ്ങൾക്ക് നൽകിയ വാഗദ്ാനങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭവുമായി ഡൽഹി അതിർത്തിയിലെത്തുമെന്ന മുന്നറിയിപ്പും ടികായത്ത് നൽകി. യു.പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനം അനുയായികളെ അറിയിക്കും. ഉത്തർപ്രദേശിൽ ഞങ്ങൾ തമ്പടിക്കും. ആർക്കും അത് തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ ഉൾപ്പെടെ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രക്ഷോഭം. ഡൽഹിയെ വളഞ്ഞായിരുന്നു കർഷകരുടെ നീണ്ട 15 മാസം നീണ്ട പ്രക്ഷോഭം. ഒരു വർഷത്തോളം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ വിജയം കണ്ടാണ് കർഷകരുടെ മടക്കം. കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.