സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതി - മദ്രാസ് ഹൈകോടതി
text_fieldsമധുര: സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈകോടതി. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണ്. ഗൃഹനാഥമാർ അഴിമതിയിൽ പങ്കാളികളായാൽ വിഷയത്തിന് അന്ത്യമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. വിചാരണക്കിടെ ശക്തിവേൽ മരണപ്പെട്ടതോടെ ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് പരിഗണിച്ച തിരുച്ചിയിലെ അഴിമതി നിരോധന പ്രത്യേക കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ദേവനായകി ഹൈകോടതിയെ സമീപിക്കുന്നത്.
ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ കടമയാണെന്നായിരുന്നു അപ്പീലിനോട് കോടതിയുടെ പ്രതികരണം. കൈക്കൂലികളിൽ നിന്നും വിട്ടുനിൽക്കുക എന്നതാണ് ജീവിതത്തിന്റെ പ്രാഥമിക തത്വശാസ്ത്രം. അത്തരത്തിൽ ഒരുതവണ കൈക്കൂലി വാങ്ങിയാൽ ആ വ്യക്തിയും കുടുംബവും തകർക്കപ്പെടും. തെറ്റായ മാർഗത്തിലൂടെ സ്വന്തമാക്കിയ പണം ആസ്വദിച്ചിട്ടുണ്ടെങ്കിൽ അവർ ശിക്ഷ അനുഭവിക്കേണ്ടിവരും. രാജ്യത്ത് അഴിമതി വർധിക്കുകയാണ്. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണ്. ഗൃഹനാഥമാർ അഴിമതിയിൽ പങ്കാളികളായാൽ വിഷയത്തിന് അന്ത്യമുണ്ടാകില്ല. പണം ലഭിച്ച ശേഷം ദേവനായകിയുടെ ജീവിതം സുഖമമായിരുന്നു. ഇതിനുള്ള പ്രത്യാഘാതം അനുഭവിക്കാൻ അവർ ബാധ്യസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.