ഇന്ത്യക്ക് മുറിവേറ്റാൽ വെറുതെ വിടില്ല; ചൈനക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
text_fieldsവാഷിങ്ടൻ: അതിർത്തി സംഘർഷങ്ങൾക്കിടെ ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ശക്തമായ രാജ്യമായി ഇന്ത്യ മാറി. ലോകത്തെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനായി രാജ്യം മുന്നേറുകയാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ത്യ – യു.എസ് മന്ത്രിതല ചർച്ചക്ക് വാഷിങ്ടണിൽ എത്തിയതായിരുന്നു രാജ്നാഥ് സിങ്. ചൈനയുമായി ലഡാക്ക് അതിർത്തിയിലുണ്ടായ തർക്കങ്ങളെക്കുറിച്ചാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
'ഇന്ത്യൻ സൈനികർ എന്താണ് ചെയ്തതെന്ന് എനിക്ക് പുറത്തു പറയാനാകില്ല. സർക്കാറിന്റെ തീരുമാനങ്ങൾ എന്താണെന്നതും. പക്ഷേ, ചൈനക്ക് കൃത്യമായി ആ സന്ദേശം കിട്ടി. മുറിവേറ്റാൽ ഇന്ത്യ ഒരാളെയും വെറുതേവിടില്ല എന്ന സന്ദേശം അവർക്ക് കിട്ടി.' –മന്ത്രി പറഞ്ഞു.
2020 മേയ് അഞ്ചിനാണ് ലഡാക്ക് അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്. പിന്നാലെ പാൻഗോങ് തടാക മേഖലയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ രൂക്ഷമായ ആക്രമണം നടന്നു. 2020 ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ സൈന്യങ്ങൾ നേരിട്ട് ഏറ്റുമുട്ടി. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ധാരാളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം. എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്നതിന്റ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല. ശേഷം ഇരു രാജ്യങ്ങളും സൈനിക തലത്തിൽ 15 റൗണ്ട് ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.