Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എനിക്ക് തല...

'എനിക്ക് തല മറക്കാമെങ്കിൽ എന്തുകൊണ്ട് അവർക്ക് പറ്റില്ല?': ഹിജാബ് നിരോധനത്തിനെതിരെ സിഖ് യുവതി കോടതിയിൽ

text_fields
bookmark_border
എനിക്ക് തല മറക്കാമെങ്കിൽ എന്തുകൊണ്ട് അവർക്ക് പറ്റില്ല?: ഹിജാബ് നിരോധനത്തിനെതിരെ സിഖ് യുവതി കോടതിയിൽ
cancel

ന്യൂഡൽഹി: "ഈ തലപ്പാവ് എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ജീവനുള്ള കാല​ത്തോളം ഞാൻ ഇത് ധരിക്കും. ഇതണിയുന്നതിൽനിന്ന് ആരും എന്നെ തടയുന്നില്ല, ആരും എന്നെ ചോദ്യം ചെയ്യുന്നില്ല. ആരെങ്കിലും എന്നെ തടഞ്ഞാൽ ഞാൻ അവരുടെ തല പിടിക്കും. ശരിക്ക് പറഞ്ഞാൽ, എന്റെ തലപ്പാവിനെ ചോദ്യം ചെയ്യുന്നത് പോലും എനിക്ക് സഹിക്കില്ല. പിന്നെ എന്തിനാണ് മുസ്‍ലിം പെൺകുട്ടികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നത്? അവൾ ഹിജാബ് ധരിക്കുന്നത് സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് ആളുകൾ പറയുന്നു, എങ്ങനെയാണത്? അവൾ തിരഞ്ഞെടുക്കുന്ന വസ്ത്രം അവൾ ധരിക്കുന്നു, അതവരുടെ കാര്യം... അവൾ ആരെയും വേദനിപ്പിക്കുന്നില്ല" -ചരൺജീത് കൗർ തന്റെ നിലപാട് തുറന്നടിച്ചു.

ആരാണ് ഈ യുവതി എന്നല്ലേ? സുപ്രീം കോടതിയിൽ ഹിജാബ് നിരോധനത്തിനെതിരെ ഹരജി സമർപ്പിച്ച ഏക അമുസ്‍ലിം വ്യക്തിയാണ് ഇവർ. ഹിജാബ് നിരോധനത്തിനെതിരെ പോരാടുന്ന 23 ഹരജിക്കാരിൽ അവർ മാത്രമാണ് അമുസ്‌ലിം. ഹരിയാനയിലെ കൈതൽ സ്വദേശിയായ സിഖുകാരിയാണ് മികച്ച കർഷക കൂടിയായ കൗർ. ഗ്രാമത്തിലെ ആശാ പ്രവർത്തകയും കൂടിയായതിനാൽ തിരക്കേറിയ ജീവിതം. ഇതിനിടയിലാണ് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ ഈ 46 കാരി സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിൽ ഏർപ്പെടുന്നത്.

ചരൺജീത് കൗർ സഹപ്രവർത്തകർക്കൊപ്പം

കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്ക് സുപ്രീം കോടതി ശരിവെച്ചാലും ഇവരുടെ ജീവിതത്തിൽ മാറ്റമൊന്നും സംഭവിക്കാനില്ല. എന്നാൽ, ഹിജാബ് നിരോധനം ഒരുകാരണവശാലും ത​ന്നെ ബാധിക്കില്ലെങ്കിലും അതിനെതിരെ പ്രതികരിക്കേണ്ടത് സാമൂഹിക ബാധ്യതയായി കണക്കാക്കിയാണ് കൗർ സുപ്രീം കോടതിയെ സമീപിക്കുന്നത്. 2007ൽ കൗർ ആശാ വർക്കറായി ജോലി ചെയ്യാൻ തുടങ്ങിയ സമയത്താണ് സിഖ് മത വിശ്വാസ പ്രകാരമുള്ള 'അമൃത് സഞ്ചാർ' ചടങ്ങി​െൽ സംബന്ധിച്ചത്. അതിനുശേഷം സ്ഥിരമായി ദസ്തറോ തലപ്പാവോ ധരിക്കാറുണ്ടെന്ന് ഇവർ ഓൺലൈൻ മാധ്യമമായ 'ദ ക്വിന്റി'ന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

"നമ്മുടെ ഹിന്ദു സഹോദരിമാരിൽ ചിലർ ജോലി ചെയ്യുമ്പോഴോ ക്ഷേത്രങ്ങളിൽ പോകുമ്പോഴോ തല മറയ്ക്കുകയും മുടിയിൽ സിന്ദൂരം ധരിക്കുകയും ചെയ്യാറുണ്ട്. അവരോട് "നിങ്ങൾ എന്താണ് ധരിച്ചിരിക്കുന്നത്? എടുത്തുകളയൂ. നമ്മുടെ ഐക്യം ഇല്ലാതാകും'' എന്ന് ആരും ഒരിക്കലും പറയാറില്ല' -കൗർ ചൂണ്ടിക്കാട്ടി. കൗറിന്റെ വീക്ഷണത്തിൽ ശിരോവസ്‌ത്രം ഇസ്‌ലാമും മുസ്‌ലിം സ്ത്രീകളുമായി മാത്രം ബന്ധപ്പെടുന്നതല്ല, മതം നോക്കാതെ സ്ത്രീകൾ തല മറയ്ക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെ തന്നെ അവഗണിക്കലാണ്.

'സ്കാർഫ്, ഹിജാബ് എന്നിവ യഥാർത്ഥത്തിൽ ഇസ്‌ലാമിന്റെ ആരംഭത്തിന് മുമ്പ് തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ പാരമ്പര്യവുമായും തല മറയ്ക്കുന്ന സമ്പ്രദായവുമായും ബന്ധപ്പെട്ടതാണ്' -കൗറിന്റെ ഹർജിയിൽ പറയുന്നു. തന്റെ സാരിയുടെ അറ്റം എപ്പോഴും തലയിൽ ഇടുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.

ഭർത്താവ് സത്നാം സിങ്ങും ചരൺജീത് കൗറും

മംഗലാപുരത്ത് ഹിജാബ് ധരിച്ച മുസ്‌കാൻ എന്ന പെൺകുട്ടിയെ സംഘ് പരിവാർ വിദ്യാർഥി സംഘടന പ്രവർത്തകർ ജയ് ശ്രീറാം വിളിച്ച് തടയുന്ന വിഡിയോ ഈ വർഷമാദ്യം ഇന്റർനെറ്റിൽ യാദൃശ്ചികമായി കണ്ടതാണ് ഈ വിഷയത്തിൽ ഇടപെടാൻ തന്നെ പ്രേരിപ്പിച്ചതെന്ന് കൗർ പറയുന്നു. "ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആ പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി... ചിലപ്പോൾ, ചില കാര്യങ്ങൾ നമ്മെ ആഴത്തിൽ ബാധിക്കും. ഇനി നമുക്ക് മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് തോന്നും. ഇൗ വിഡിയോ എനിക്ക് അത്തരത്തിലാണ് അനുഭവപ്പെട്ടത്' -കൗർ പറഞ്ഞു.

ആൺകൂട്ടം അവൾക്ക് നേ​രെ ആക്രോശിച്ചപ്പോൾ അവൾ ഉച്ചത്തിൽ അല്ലാഹു അക്ബർ എന്ന് പറഞ്ഞത് വൻ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, മുസ്‌കാൻ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്ക് പൂർണ്ണമായും മനസ്സിലായെന്ന് കൗർ പറയുന്നു. "അവൾക്ക് പ്രതിരോധത്തിനായി എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. ഉദാഹരണത്തിന്, ഞങ്ങളാണെങ്കിൽ "ബോലെ സോ നിഹാൽ... സത് ശ്രീ അകൽ" എന്ന് പറയുമായിരുന്നു' -അവർ കുട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hijab Bansupreme courtCharanjeet Kaur
News Summary - 'If I Cover My Head, Why Can't She?': Sikh Woman Petitioner Against Hijab Ban
Next Story