ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പിന്നെ ഞാനെന്തിന് കരയണം?; പീഡനത്തിനിരയായ പെൺകുട്ടി സധൈര്യം സമൂഹത്തോട് ചോദിക്കുന്നു
text_fieldsബംഗളൂരു: ''എന്റെ പോരാട്ടത്തിന്റെ മുഴുവൻ ധൈര്യവും എന്റെ അമ്മയാണ്. ധീരയാണവർ. അതുകൊണ്ട് ഒരിക്കലും പിന്മാറാൻ എനിക്ക് തോന്നിയിട്ടില്ല. പിന്തിരിയരുതെന്നാണ് അമ്മ നൽകിയ ഉപദേശം. അച്ഛനില്ലെനിക്ക്. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പിന്നെ ഞാനെന്തിനാണ് കരയുന്നത്? എനിക്ക് കരയാനാവില്ല...''- ഇതു പറയുന്നത് മംഗളൂരുവിൽ അഭിഭാഷകന്റെ പീഡനത്തിരയായ മഹാരാഷ്ട്ര സ്വദേശിയായ പെൺകുട്ടി.
കുറ്റവാളികൾ സമൂഹത്തിന് മുന്നിൽ നെഞ്ചുവിരിച്ചു നടക്കുകയും ഇരകൾ വീട്ടകങ്ങളിൽ കരഞ്ഞു കാലംകഴിക്കുകയും ചെയ്യുന്ന കാലത്ത് നെഞ്ചുറപ്പോടെയാണ് അവളുടെ ഓരോ വാക്കുകളും സമൂഹത്തിനു നേരെ ഉയരുന്നത്. അഭിഭാഷകനെതിരെ പീഡന കേസ് നൽകിയശേഷം ഭീഷണിയും മാധ്യമ വിചാരണയും കേസിൽ സഹകരിക്കുന്നില്ലെന്ന പൊലീസിന്റെ ആരോപണവുമെല്ലാം സധൈര്യം മറികടന്നാണ് നിയമപോരാട്ടത്തിൽ 19 കാരിയായ ഈ നിയമവിദ്യാർഥിനി മാതൃക തീർക്കുന്നത്.
മംഗളൂരുവിലെ കോളജിൽ നിയമബിരുദ വിദ്യാർഥിനിയാണ് പെൺകുട്ടി. കഴിഞ്ഞ ഒക്ടോബർ 18നാണ് അഡ്വ. കെ.എസ്.എൻ രാജേഷ് ഭട്ടിനെതിരെ ലൈംഗിക പീഡന കേസ് വിദ്യാർഥിനി നൽകുന്നത്. ഡിസംബർ 20ന് ഇയാൾ മംഗളൂരുവിലെ കോടതിയിൽ കീഴടങ്ങി. പൊലീസ് കസ്റ്റഡിയിലിരിക്കെ മുൻകൂർ ജാമ്യത്തിനായി കർണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. അഭിഭാഷകനായ പ്രതിക്ക് പൊലീസിനെയും പരാതിക്കാരിയുടെ സർവകലാശാലയെയും ജഡ്ജുമാരെയും സ്വാധീനിക്കാൻ കഴിയുമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിക്ക് പിന്നാലെ ഒളിവിൽപോയ അഭിഭാഷകൻ കെ.എസ്.എൻ. രാജേഷ് ഭട്ട് രാജ്യം വിടാതിരിക്കാൻ ഇന്റലിജൻസ് ബ്യൂറോ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്കൗട്ട് നോട്ടീസ് അയച്ചിരുന്നു. നാലംഗ അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായില്ല. പെൺകുട്ടി പരാതിയിൽ ഉറച്ച നിലപാട് എടുത്തതോടെ, കർണാടക സ്റ്റേറ്റ് ബാർ കൗൺസിൽനിന്ന് രാജേഷ് ഭട്ടിനെ നീക്കുകയും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ആന്റി കറപ്ഷൻ ബ്യൂറോ അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
'എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയുകയല്ല വേണ്ടത്; ഇത്തരം കാര്യങ്ങൾ ചെയ്യണമെന്ന് വിചാരിക്കുന്നവരാണ് അതുചെയ്യാൻ പാടില്ലാത്തതാണെന്ന് മനസ്സിലാക്കേണ്ടത്. അതേ കുറിച്ച് പേടി വേണം. കാലങ്ങളായി സ്ത്രീകൾ അബലകളാണെന്ന പഴമൊഴി ആവർത്തിക്കുന്നു. എന്നാൽ, ഇപ്പോഴങ്ങനെയല്ല. അതുമാറി. പെണ്ണിനെ അപമര്യാദയായി തൊടുന്ന ഓരോ ആണും ശിക്ഷിക്കപ്പെടണം. എന്റെ നിയമപഠനം പൂർത്തിയാക്കിയ ശേഷം ഞാൻ അതിനായി പ്രവർത്തിക്കും...'- അവൾ പറഞ്ഞു.
''ഒന്നര മാസത്തോളം ഞാൻ കടുത്ത നിരാശയിലായിരുന്നു. പിന്നെ എനിക്ക് മനസ്സിലായി, നിരാശപ്പെട്ടിരുന്നതുകൊണ്ട് കാര്യമില്ലെന്ന്. ലൈംഗിക പീഡനത്തിരയായ എല്ലാ സ്ത്രീകളോടും എനിക്ക് ഒന്നേ പറയാനുളളൂ. മുന്നോട്ടുവരുക, നിയമത്തിൽ വിശ്വാസമർപ്പിക്കുക. ഞാനൊരു നിയമ വിദ്യാർഥിയാണ്. എെന്റ നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. എന്നാൽ, പൊലീസ് വകുപ്പിനെ കുറിച്ച് എനിക്കൊന്നും പറയാനാവില്ല. എന്നാൽ, നിങ്ങൾക്ക് നിയമത്തിൽ വിശ്വാസമർപ്പിക്കാം. അതുമാത്രമാണ് കാര്യം. ഈ കേസിൽ ഞാൻ ജയിക്കും. പ്രതി എന്തുതന്നെ ചെയ്താലും ശരി, ഒരു സംശയവും വേണ്ട, കേസ് ഞാൻ തന്നെ ജയിക്കും. അത് ജയത്തിന്റെ കാര്യമല്ല. ഒരു മാസം മുമ്പ് ഞാൻ കേസ് നൽകുമ്പോൾ എനിക്കുതോന്നിയത് അതാണ്. ഒന്നും ചെയ്യാത്ത എന്റെ സുഹൃത്തിനെ അവർ തട്ടിക്കൊണ്ടുപോയി. ഞാനും എന്റെ സുഹൃത്തും ചേർന്ന് പണത്തിനുവേണ്ടിയാണ് അയാൾക്കെതിരെ പരാതി നൽകിയതെന്ന് അദ്ദേഹം സാക്ഷ്യപത്രമുണ്ടാക്കി. അദ്ദേഹം ശിക്ഷയർഹിക്കുന്നു. ഞാൻ അയാളെ വെറുതെ വിട്ടാൽ കുറച്ചു ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം അയാൾ വീണ്ടും മറ്റൊരാളെ ഇരയാക്കും. ആ ഇരകൾക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാൾ എന്തുവേണമെങ്കിലും ചെയ്തേക്കാം...''
കേസിന്റെ തുടക്കസമയത്ത് ഏറെ പ്രയാസമായിരുന്നു. എന്നാൽ, തനിക്കൊപ്പം നിന്നവർ നൽകിയ കൈത്താങ്ങ് നിർണായകമായിരുന്നു. അവരുടെ സഹായത്തോടെയാണ് താൻ ഈ പോരാട്ടത്തിനിറങ്ങിയതെന്ന് പെൺകുട്ടി ചൂണ്ടിക്കാട്ടി.
2021 ആഗസ്റ്റ് 18 നാണ് താൻ ഇന്റേൺഷിപ്പിനായി ചേരുന്നത്. അവിടത്തെ അന്തരീക്ഷം സൗഹൃദപരമായിരുന്നു. നല്ല തുടക്കമായിരുന്നു. പിന്നെ അദ്ദേഹം എനിക്ക് ഫോണിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എനിക്ക് മെസേജ് അയക്കരുതെന്ന് ഞാൻ അയാളോട് പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയോ, നീ എന്റെ ഇളയ മകളെ പോലെയാണ് എന്നൊക്കെയായിരുന്നു അയാളുടെ മറുപടി. എന്നാൽ, സെപ്റ്റംബർ 25ന് എന്നെ ലൈംഗികമായി ഉപദ്രവിച്ചു. അതിനുശേഷം ഒരാളോടും ഇക്കാര്യം പറയരുതെന്ന് എന്നെ ഭീഷണിപ്പെടുത്തി. പറഞ്ഞാൽ, പിന്നെ എന്റെ ശവമായിരിക്കും ജനം കാണുക എന്നായിരുന്നു ഭീഷണി. ഓഫിസിൽനിന്ന് ഞാൻ ഓടിപ്പോവുകയായിരുന്നു.
അവിടെ ജോലി ചെയ്യുന്ന എന്റെ ചില പെൺകൂട്ടുകാരോട് എങ്ങനെയൊക്കെയോ ഞാനിത് പങ്കുവെച്ചു. അതിനുശേഷം ഞാനാകെ പരിഭ്രാന്തിയിലായിരുന്നു. മാനസിക പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങി. എനിക്ക് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. ഞാൻ എന്റെ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് ഓഡിയോ സന്ദേശം അയച്ചു. അതിനുശേഷം അയാളെന്നെ വിളിച്ചു. അയാൾ മാപ്പപേക്ഷിക്കുകയും കരയുകയും ചെയ്തു. ആ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ എന്റെ പേരും പറയുന്നുണ്ടായിരുന്നു. എനിക്ക് ആളുകളെ അഭിമുഖീകരിക്കാൻ പേടിയായിരുന്നു. ഞാനാരെയും ബന്ധെപ്പട്ടിരുന്നില്ല. പലരും എന്നെ ഇങ്ങോട്ടു വിളിച്ചു ആശ്വാസവാക്കുകളും ധൈര്യവും പകർന്നു.
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്നെ സമീപിച്ചു. അവരുടെ സഹായത്താൽ ഒക്ടോബർ 18ന് കമീഷണറെ പോയി കണ്ടു. കേസെടുക്കാം ആവശ്യമായ സംരക്ഷണവും നൽകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അദ്ദേഹത്തിൽനിന്ന് ഒരു സംരക്ഷണവും ലഭിച്ചില്ല. കർണാടക പൊലീസിന് പ്രതിയെ കണ്ടെത്താൻ പോലും കഴിഞ്ഞില്ല. അയാൾ കീഴടങ്ങുകയായിരുന്നു. അന്വേഷണ കാലം എന്നെ സംബന്ധിച്ച് കഠിനമായിരുന്നു. പലയിടത്തും പോകണമായിരുന്നു. ചിലപ്പോൾ ഒന്നും കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
അന്വേഷണത്തിന്റെ പേരിൽ ദിവസം മുഴുവൻ പൊലീസിന്റെ കൂടെ നടക്കുകയായിരുന്നു. വാഹനം അയക്കുകയോ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ പൊലീസ് ചെയ്തില്ല. എന്താണ് അന്വേഷണത്തിൽ സംഭവിക്കുന്നതെന്ന് ഒരു വാക്കും അവർ മിണ്ടിയില്ല. മംഗളൂരു ജില്ല ഭരണകൂടത്തിന് മുന്നിൽ ഞങ്ങൾ ചെറിയൊരു പ്രതിഷേധ സമരം നടത്തി. ഇതറിഞ്ഞ എ.സി.പി ഞങ്ങളെ വിളിപ്പിച്ചു. എന്താണ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചു. മറ്റുള്ളവരെ വിശ്വസിക്കരുതെന്നും പറഞ്ഞു. എന്നാൽ, എനിക്കറിയാം എന്നെ കേസുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചതും എനിക്ക് ധൈര്യം പകർന്നതും അവരായിരുന്നു. അവരെ ഞാൻ എന്തിന് വിശ്വസിക്കാതിരിക്കണം? എന്നാൽ, അദ്ദേഹം വളരെ പരുക്കനായിരുന്നു. കൂടെയുണ്ടായിരുന്നവരെ ചീത്തവിളിച്ചു. ഞാൻ സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്റെ പരാതി. ഇതുവരെ കേസിന്റെ കാര്യങ്ങൾ എന്തായി എന്ന് പൊലീസ് പറഞ്ഞിട്ടില്ല. എന്നെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ഞാനാണോ അവരാണോ സഹകരിക്കാത്തത്? കുറ്റപത്രം എന്തായി എന്ന് ഇപ്പോഴുമറിയില്ല.
ഞാൻ കോളജിലേക്ക് മടങ്ങുകയാണ്. എനിക്ക് പരീക്ഷയുണ്ട്. എനിക്ക് പൂർണമായി പഠനത്തിൽ ശ്രദ്ധ ഇനി കിട്ടില്ല. എന്നാലും ശ്രമിക്കും. തങ്ങൾക്കും ഇത്തരത്തിൽ സംഭവിച്ചിരുന്നതായി ചില കൂട്ടുകാർ പറഞ്ഞിരുന്നു. അവരാരും പരാതിപ്പെട്ടില്ല. അവെരപോലെ എനിക്കുമാവാനാവില്ല. ഞാനെങ്കിലും പരാതി നൽകിയത് നന്നായെന്ന് ചിലർ പറഞ്ഞു. പരാതി നൽകിയ ശേഷം ചിലർ എന്നോട് ചോദിച്ചു, 'ആ ശബ്ദസന്ദേശത്തിൽ നീ എന്താ കരയാതിരുന്നത്' എന്ന്. തെറ്റൊന്നും ചെയ്യാത്ത ഞാൻ എന്തിനു കരയണം? ജനങ്ങൾ അങ്ങനെയാണ് ചിന്തക്കേണ്ടത്. എനിക്ക് സംഭവിച്ചതിനെ കുറിച്ച് ആളുകൾ എന്തു വിചാരിക്കുമെന്നത് എനിക്ക് വിഷയമല്ല. ഓരോരുത്തരും അവനവനുവേണ്ടി എഴുന്നേറ്റു നിൽക്കണം. പൊലീസ് സഹകരിക്കുന്നില്ലെങ്കിൽ സാരമില്ല. കേസ് കോടതിയിലേക്ക് നീങ്ങും, കോടതി നടപടികൾ മുറ പോലെ നടക്കും...''- അവർ പ്രതീക്ഷയുടെ വാക്കുകൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.