ജഡ്ജിമാരും മാധ്യമ പ്രവർത്തകരും പതറിയാൽ ജനാധിപത്യം തകരും -ജസ്റ്റിസ് ശ്രീകൃഷ്ണ
text_fieldsമുംബൈ: സത്യത്തോട് ചേർന്നുനിൽക്കേണ്ട ജഡ്ജിമാരും മാധ്യമ പ്രവർത്തകരും പതറിയാൽ ജനാധിപത്യം തകരുമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും വരുമാനം മുടക്കിയും ഭരണകൂടം വേട്ടയാടുമ്പോൾ സത്യസന്ധതയും മനഃസാക്ഷിയുമാണ് മാധ്യമങ്ങൾ സ്വീകരിക്കേണ്ട നയമെന്നും മുംബൈ പ്രസ് ക്ലബിന്റെ റെഡ് ഇങ്ക് പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 'സ്വതന്ത്ര മാധ്യമങ്ങളുടെ ഭാവി' എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകൻ അയാസ് മേമൻ, മുംബൈ പൊലീസ് മുൻ കമീഷണർ എം.എൻ. സിങ്, പ്രമുഖ അഭിഭാഷകൻ സതീഷ് മനേഷിൻഡെ, പരസ്യ മേഖലയിലെ മീനാക്ഷി മേനോൻ എന്നിവർ പങ്കെടുത്ത ചർച്ചയിൽ പത്രപ്രവർത്തകർക്കെതിരെ വ്യാപകമായി രാജ്യദ്രോഹം കുറ്റം ചുമത്തുന്നതും വിമർശിക്കുന്ന മാധ്യമങ്ങൾക്ക് സർക്കാർ പരസ്യം നിഷേധിക്കുന്നതും മുഖ്യ വിഷയമായി.
ചടങ്ങിൽ ആജീവനാന്ത നേട്ടത്തിനുള്ള ദേശീയ റെഡ് ഇങ്ക് പുരസ്കാരം ടി.ജെ.എസ്. ജോർജും ജേണലിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം ദൈനിക് ഭാസ്കർ ഗ്രൂപ് ദേശീയ പത്രാധിപർ ഓം ഗൗറും ഏറ്റുവാങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ (ദി വയർ), ബർഖ ദത്ത് (മോജോ സ്റ്റോറി) എന്നിവരടക്കം 24 പേർ പുരസ്കാര ജേതാക്കളായി. വ്യവസായ, സാമ്പത്തിക വാർത്ത വിഭാഗത്തിൽ (പത്രം) മാതൃഭൂമിയിലെ അനു എബ്രഹാം, മനുഷ്യാവകാശ വിഭാഗത്തിൽ (വിഡിയോ) മലയാള മനോരമ ഓൺലൈനിലെ അരവിന്ദ് വേണുഗോപാൽ, ഫോട്ടോ ഓഫ് ദി ഇയർ വിഭാഗത്തിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ ടി.പി. സൂരജ്, മലയാള മനോരമയിലെ ജിൻസ് മൈക്കിൾ എന്നിവരാണ് പുരസ്കാരം നേടിയ മലയാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.