കേരളത്തിന് ആവശ്യമെങ്കിൽ ഇനിയും സഹായം -സ്റ്റാലിൻ
text_fieldsചെന്നൈ: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് ആവശ്യമെങ്കിൽ ഇനിയും സഹായം നൽകാൻ തമിഴ്നാട് സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടിൽനിന്ന് വയനാട്ടിലേക്കയച്ച ദൗത്യസംഘത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനിടെയാണ് സ്റ്റാലിൻ ഇക്കാര്യമറിയിച്ചത്.
വയനാടിന് അടിയന്തര ദുരിതാശ്വാസ ധനസഹായമായി അഞ്ച് കോടി രൂപ അനുവദിച്ചതിന് പുറമെ മുതിർന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്. സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ദുരന്ത നിവാരണ സേനയെ വയനാട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് സർക്കാർ കൺട്രോൾ റൂം തുറന്ന് 1070 എന്ന ഹെൽപ് ലൈൻ നമ്പറും പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലെ സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ കേന്ദ്രത്തിൽനിന്ന് വിഡിയോ കോൺഫറൻസിങ് വഴി ഉദ്യോഗസ്ഥരോട് സ്റ്റാലിൻ വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. വയനാട് കലക്ടറേറ്റ് കേന്ദ്രീകരിച്ച് കേരള സർക്കാറിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് തമിഴ്നാട് ദൗത്യസംഘവും പ്രവർത്തിക്കുന്നത്. ഗൂഡല്ലൂർ മേഖലയിൽനിന്ന് വയനാട് ഭാഗത്തേക്ക് ജോലിക്കുപോയ തമിഴരായ മൂന്ന് തൊഴിലാളികളും വയനാട്ടിൽ സ്ഥിര താമസമാക്കിയ 21 തമിഴ് വംശജരും ദുരന്തത്തിൽ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. 21 തമിഴ് വംശജരുടെ റേഷൻകാർഡ് ഉൾപ്പെടെ രേഖകൾ കേരള സർക്കാറാണ് അനുവദിച്ചിരിക്കുന്നത്.
വയനാട്ടിലെ ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ പശ്ചിമഘട്ട മലനിരകളോടുചേർന്ന നീലഗിരി, കോയമ്പത്തൂർ ജില്ലകളിൽ നിരീക്ഷണം ശക്തിപ്പെടുത്താൻ സ്റ്റാലിൻ ജില്ല കലക്ടർമാരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.