കേരളം അഴിമതിമുക്തമാകണമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തണം -ജെ.പി. നഡ്ഡ
text_fieldsകോട്ടയം: കേരളം അഴിമതിമുക്തമാകണമെങ്കിൽ ജനങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കണമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. മുഖ്യമന്ത്രിയുടെ ഓഫിസുപോലും അഴിമതിയിൽനിന്ന് മുക്തമല്ലെന്ന് സ്വർണക്കടത്ത് കേസ് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെടുകയാണ്.
ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും നഡ്ഡ കുറ്റപ്പെടുത്തി. ബി.ജെ.പി കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിലെ ഏറ്റവും പാവപ്പെട്ടവരിലേക്കാണ് മോദി സർക്കാറിന്‍റെ പദ്ധതികൾ എത്തുന്നത്. കേരളത്തിൽ ഭവനരഹിതരായ രണ്ടുലക്ഷം പേർക്ക് വീട് നൽകാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് മൊത്തം 3.65 കോടി വീട് നിർമിക്കാനാണ് പി.എം.എ.വൈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 10 കോടി ആറ് ലക്ഷം കുടുംബങ്ങൾക്കാണ് ആയുഷ്മാൻ ഭാരത് പദ്ധതി മുഖേന ആനുകൂല്യം നൽകുന്നത്. കേരളത്തിൽ 22 ലക്ഷം പേർക്കാണ് ഇതിന്‍റെ ഗുണം ലഭിക്കും.
കിസാൻ സമ്മാൻ പദ്ധതിയിലൂടെ കേരളത്തിൽ 37.3 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭയിലെ പി.എം.എ.വൈ ഗുണഭോക്താക്കൾക്കുള്ള ഫാനും ചടങ്ങിൽ വിതരണം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി കേരള ഘടകം പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, നേതാക്കളായ അൽഫോൺസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.