ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാൽ മദ്രസകൾ ഇടിച്ചുനിരത്തും -അസം മുഖ്യമന്ത്രി
text_fieldsഗുവാഹതി: ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് മദ്രസകൾ ഉപയോഗിക്കുന്നതായി സർക്കാറിന് വിവരം ലഭിച്ചാൽ, അവ പൊളിച്ചുനീക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തീവ്രവാദ ബന്ധം ആരോപിച്ച് ഒരു മാസത്തിനിടെ മൂന്ന് മദ്രസകൾ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ച് നിരത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അസമിലെ ബൊംഗായ്ഗാവിൽ ഇന്നലെ മദ്രസ തകർത്തിരുന്നു.
'മദ്രസകൾ തകർക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല. അവ ജിഹാദികൾ ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. മദ്രസയുടെ മറവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സർക്കാറിന് വിവരം ലഭിച്ചാൽ ഞങ്ങൾ അത് തകർക്കും' -മുഖ്യമന്ത്രി പറഞ്ഞു.
അൽഖാഇദ ബന്ധമാരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് അസമിൽ മതസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്.
ബർപേട്ട ജില്ലയിൽ ഒരു മദ്രസ തിങ്കളാഴ്ച പൊളിച്ചുനീക്കിയിരുന്നു. അൽഖാഇദ ബന്ധത്തിന്റെ പേരിൽ അക്ബർ അലി, അബുൽ കലാം ആസാദ് എന്നീ രണ്ട് സഹോദരങ്ങൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇവർ ഈ മദ്രസ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നാണ് ആരോപണം. ആഗസ്റ്റ് നാലിന് മൊറിഗോൺ ജില്ലയിലെ മറ്റൊരു മദ്രസയും പൊളിച്ചുനീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.