നരേന്ദ്ര മോദിക്കും നവാസ് ശരീഫിനും കൂടിക്കാഴ്ച നടത്താമെങ്കിൽ ശരദ് പവാറിനും അജിത് പവാറിനും ആകാം -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: പുനെയിൽ അടച്ചിട്ട മുറിയിൽ എൻ.സി.പി നേതാവ് ശരദ് പവാറും വിമത നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് ചർച്ചയാകുന്നു. പാർട്ടിയിൽ വീണ്ടും ട്വിസ്റ്റുണ്ടാകുമെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൂടിക്കാഴ്ച നടത്താൻ സാധിക്കുമെങ്കിൽ ഇതും നടക്കുമെന്നാണ് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് ഈ കൂടിക്കാഴ്ചയെ കുറിച്ചു പറയുന്നത്. ശരദ് പവാർ ഏതാനും ദിവസങ്ങൾക്കകം തന്റെ ഉറച്ച നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. ചിലപ്പോൾ അജിത് പവാറിനോട് മടങ്ങിവരാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടാകാം. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. -സഞ്ജയ് റാവുത്ത് പറഞ്ഞു.
ചിലപ്പോൾ ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ മുംബൈയിൽ നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ മൂന്നാം യോഗത്തിൽ പങ്കെടുക്കാൻ ശരദ് പവാർ അജിത്തിനോട് ആവശ്യപ്പെട്ടിരിക്കാമെന്നും സഞ്ജയ് റാവുത്ത് സൂചിപ്പിച്ചു.
ശനിയാഴ്ച പുനെയിലെ വ്യവസായി അതുൽ ചോർദിയയുടെ കൊറേഗാവ് പാർക്കിലെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. എൻ.സി.പി നേതാവ് ജയന്ത് പാട്ടീലും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.