2024ൽ മോദി അധികാരത്തിൽ വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും -ഖാർഗെ
text_fieldsന്യൂഡൽഹി: 2024ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധി 'സ്നേഹത്തിന്‍റെ കട' തുറന്നത് അദ്ദേഹത്തിന് രാജ്യത്തെ ഒന്നിപ്പിക്കണമെന്നുള്ളതുകൊണ്ടാണ്. ബി.ജെ.പി 'വെറുപ്പിന്‍റെ കട' തുറക്കുന്നത് അവർക്ക് ഭിന്നിപ്പിച്ച് ഭരിക്കണമെന്നുളളതുകൊണ്ടാണെന്നും ഖാർഗെ പറഞ്ഞു. നിരപരാധികൾ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗം ചെയ്യുകയും ചെയ്ത മണിപ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സന്ദർശനം നടത്താതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
"കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് സർക്കാർ എന്താണ് ചെയ്തതെന്ന് മോദിജിയും മറ്റുള്ളവരും ചോദിക്കുന്നു. ജനാധിപത്യം സംരക്ഷിക്കുന്നത് ഞങ്ങളാണ്. മോദി മുഖ്യമന്ത്രിയായപ്പോഴും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഞങ്ങൾ ജനാധിപത്യത്തെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നിവയെയും സംരക്ഷിച്ചു" - ഖാർഗെ പറഞ്ഞു.
ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ഇ.ഡിയെയും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികളും ഉപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ഭയം കാരണം ചിലർ സൗഹൃദം ഉപേക്ഷിക്കുകയും ചിലർ പാർട്ടിയും ചിലർ ഇൻഡ്യ മുന്നണിയും ഉപേക്ഷിക്കുകയാണെന്നും എന്നാൽ ഇത് മുന്നണിയെ ബാധിക്കില്ലെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.