ആവശ്യമെങ്കിൽ 'യോഗി മാതൃക' നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി
text_fieldsബംഗളൂരു: വേണ്ടിവന്നാൽ സംസ്ഥാനത്ത് 'യോഗി മാതൃക' നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. തന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഒരു വർഷം തികച്ചതിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തെ തുടർന്ന് വിധാൻസൗധയിലെ ഓഫിസിൽ നടത്താനിരുന്ന വാർഷികാഘോഷം റദ്ദാക്കിയിരുന്നു. മൂന്നുവർഷത്തെ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തിന് ശേഷമാണ് ബൊമ്മൈ മുഖ്യമന്ത്രിയാകുന്നത്. പ്രവീണിന്‍റെ കൊലപാതകത്തിൽ തങ്ങളുടെ ഹൃദയങ്ങൾ അരിശത്തിലാണെന്നും ബൊമ്മൈ പറഞ്ഞു.
ഉത്തർപ്രദേശിലെ സാഹചര്യം കർണാടകയിലും ഉയർന്നുവന്നാൽ യോഗി ആദിത്യനാഥിന്‍റെ മാതൃക ഇവിടെയും നടപ്പാക്കും. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സർക്കാർ നിരോധിക്കണം. ഇതിന് ആവശ്യമായ എല്ലാ റിപ്പോർട്ടുകളും സംസ്ഥാനം കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. സാമൂഹിക സൗഹാർദത്തെ ബാധിക്കുന്ന സംഘടിത കുറ്റകൃത്യങ്ങൾ സർക്കാർ അനുവദിക്കില്ല. സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികളെയും ഭീകരരെയും ഇല്ലായ്മചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോ സേന രൂപവത്കരിക്കും. ചർച്ചകൾക്ക് ശേഷം ഇതിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
കഴിഞ്ഞ പത്തു കൊല്ലത്തിനിടെ ഉണ്ടായ ചില സംഘടനകൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഹിജാബ് വിഷയം ഒരു കോളജിലെ അഞ്ച് വിദ്യാർഥിനികളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ, ചില സംഘടനകൾ ഗൂഢാലോചന നടത്തി കർണാടകയിലുടനീളം പ്രശ്നം ഉണ്ടാക്കി. ഇത്തരം അജണ്ടകൾ സംസ്ഥാന സർക്കാറിന്‍റെ വികസനത്തെ മറയ്ക്കുന്ന തരത്തിലാണ്. ചില ബി.ജെ.പി നേതാക്കൾതന്നെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഒരു നേതാവും ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നായിരുന്നു ബൊമ്മൈയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.