Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേപ്പർ...

പേപ്പർ ചോർന്നില്ലെങ്കിൽ അറസ്റ്റ് എന്തിന്? ക്രമക്കേട് ബിഹാറിൽ മാത്രമോ?; നീറ്റിൽ ഉത്തരമില്ലാതെ ചോദ്യങ്ങൾ ബാക്കി

text_fields
bookmark_border
പേപ്പർ ചോർന്നില്ലെങ്കിൽ അറസ്റ്റ് എന്തിന്? ക്രമക്കേട് ബിഹാറിൽ മാത്രമോ?; നീറ്റിൽ ഉത്തരമില്ലാതെ ചോദ്യങ്ങൾ ബാക്കി
cancel

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജിയിൽ ചോദ്യ പേപ്പർ ചോർന്നിട്ടില്ലെന്ന് പരീക്ഷാ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി‍.എ) ആവർത്തിക്കുമ്പോഴും കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഇനിയും അവശേഷിക്കുന്നത്. വിവാദമുയർന്നതിനു പിന്നാലെ ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഒരു ഡസനിലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. പട്നയിൽ ഏതാനും പേരെ സി.ബി.ഐയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പേപ്പർ ചോർന്നിട്ടില്ലെങ്കിൽ ഇത്രയും അറസ്റ്റുകൾ നടത്തേണ്ട സാഹചര്യം എന്താണെന്നതിൽ വ്യക്തത വരുത്താൻ അന്വേഷണ ഏജൻസികൾ തയാറായിട്ടില്ല.

ഗുജറാത്തിലെ ഗോധ്രയിലെ ഒരു കേന്ദ്രത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 15 വിദ്യാർഥികൾ പരീക്ഷയെഴുതിയിരുന്നു. ഇവിടെനിന്ന് അറസ്റ്റുണ്ടായിട്ടുണ്ട്. വിദ്യാർഥികൾക്കു വേണ്ടി പരീക്ഷയെഴുതാൻ ആൾമാറാട്ടം നടത്തിയെന്നും, ഇതിനുവേണ്ടി പരീക്ഷാ മാധ്യമമായി ഗുജറാത്തി തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് നിർദേശം ലഭിച്ചെന്നും സി.ബി.ഐ കോടതിയിൽ പറഞ്ഞു. ഒഡിഷ, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള വിദ്യാർഥികൾ ഇവിടെ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ ബിഹാറിൽ പ്രാദേശികമായി മാത്രം ക്രമക്കേട് നടന്നെന്നാണ് സി.ബി.ഐ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ഹരിയാനയിലെ ബഹദുർഗഡിലെ സ്കൂളിൽ പരീക്ഷ തുടങ്ങാൻ വൈകിയെങ്കിലും എഴുതി പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് സമയം നൽകിയിരുന്നു. എന്നിട്ടും ഗ്രേസ് മാർക്ക് നൽകിയ എൻ.ടി.എയുടെ നടപടിയിൽ സംശയമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു. ഒരേകേന്ദ്രത്തിൽ പരീക്ഷയെഴുതിയ ആറ് പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചത് ഗ്രേസ് മാർക്കിലൂടെയാണ്. ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവരിൽ ഒരാൾക്കു പോലും മുഴുവൻ മാർക്ക് സ്കോർ ചെയ്യാനായില്ലെന്ന് എൻ.ടി.എ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

നീറ്റ് -യു.ജിയിൽ 700നു മുകളിൽ മാർക്ക് നേടിയവരുടെ എണ്ണം ഇത്തവണ അഞ്ചിരട്ടി വർധിച്ചു. 710നു മുകളിൽ മാർക്ക് നേടിയവരുടെ എണ്ണം ഒമ്പത് ഇരട്ടിയാണ്. 2021ൽ 720ൽ 710 മാർക്ക് നേടിയത് 23 വിദ്യാർഥികളാണ്. 2022ൽ 12, 2023ൽ 48 പേരും ഇതിനു മുകളിൽ മാർക്ക് നേടിയപ്പോൾ ഇത്തവണ അത് 500 ആയി ഉയർന്നു. ക്രമക്കേട് നടന്നെന്ന സംശയത്തെ തുടർന്ന് മേയ് 19ന് ബിഹാർ സർക്കാർ എൻ.ടി.എയോടെ ചോദ്യപ്പേപ്പറിന്‍റെ വിവരങ്ങൾ ചോദിച്ചിരുന്നു. എന്നാൽ ജൂൺ 21ന് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇടപെട്ടതിനെ തുടർന്ന് മാത്രമാണ് എൻ.ടി.എ വിവരങ്ങൾ കൈമാറിയത്. പരീക്ഷാ നടത്തിപ്പുകാരെ സംശയ മുനയിൽ നിർത്തുന്ന മറ്റൊരു സംഭവമായി ഇത്.

ബിഹാറിലെ ഹസാരിബാഗിൽ, പരീക്ഷക്ക് മണിക്കൂറുകൾ ശേഷിക്കെ പേപ്പർ ചോർന്നതിന് തെളിവ് കണ്ടെത്തിയതായി സി.ബി.ഐ വൃത്തങ്ങൾ പറയുന്നു. എന്നാൽ ചോർച്ചയില്ലെന്ന നിലപാടു തന്നെയാണ് എൻ.ടി.എയുടേത്. പേപ്പർ ചോർന്നെന്ന രീതിയിൽ പ്രചരിച്ച സ്ക്രീൻഷോട്ടുകൾ വ്യാജമാണെന്നും പരീക്ഷയെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും അന്വേഷണ ഏജൻസി പറയുന്നു. പരീക്ഷയെ വിവാദത്തിലാക്കാൻ സ്ഥാപിത താൽപര്യക്കാർ പ്രവർത്തിച്ചോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

തുടക്കത്തിൽ പേപ്പർ ചോർച്ചയിലൂടെ 1600 വിദ്യാർഥികൾ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇത് 153 വിദ്യാർഥികളിലേക്ക് ചുരുങ്ങി. എന്നാൽ ഈ വിദ്യാർഥികളെയോ പരീക്ഷാകേന്ദ്രത്തെ കുറിച്ചോ യാതൊരു വിവരവും പുറത്തുവന്നിട്ടില്ല. വ്യാപക ക്രമക്കേട് നടന്നിട്ടില്ല എന്ന നിലപാട് തന്നെയാണ് കേന്ദ്രസർക്കാറും കോടതിയിൽ സ്വീകരിച്ചത്. ക്രമക്കേട് നടന്നില്ലെന്ന് പരീക്ഷാ നടത്തിപ്പുകാർ അവകാശപ്പെടുമ്പോൾ ചെറിയ തോതിൽ ക്രമക്കേട് ഉണ്ടായെന്നാണ് കേന്ദ്രവും സി.ബി.ഐയും പറയുന്നത്. വ്യക്തത വരാത്ത നിരവധി ചോദ്യങ്ങൾ അവശേഷിക്കുമ്പോൾ, ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷയിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നത് നിർണായകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET rowNEET-UG
News Summary - If No NEET Leak, Why The Arrests, And Other Unanswered Questions
Next Story