മോദിക്കെതിരെ രാഹുൽ; രാഹുലിേനാട് കയർത്ത് ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് പ്രശ്നത്തിൽ ലോക്സഭയിൽ ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടൽ. ചർച്ച തുടങ്ങിവെച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചപ്പോൾ അഗസ്റ്റവെസ്റ്റ്ലൻഡ് കോപ്ടർ വിഷയം ഉയർത്തിയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി നേരിട്ടത്. മുൻകൂട്ടി തയാറാക്കിയ ചോദ്യങ്ങളും മറുപടികളുമായി ഒന്നര മണിക്കൂർ ചാനൽ അഭിമുഖം നടത്തുന്ന പ്രധാനമന്ത്രിക്ക് റഫാൽ വിഷയത്തിൽ പാർലമെൻറിൽ വന്ന് വിശദീകരണം നൽകാനുള്ള നെഞ്ചുറപ്പില്ലെന്ന് രാഹുൽ ആരോപിച്ചു.
റഫാലിൽ രാജ്യമൊന്നാകെ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുണ്ട്. സംയുക്ത പാർലമെൻററി സമിതിയുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുമുണ്ട്.
എന്നാൽ, കണ്ണടച്ച് ഇരുട്ടാക്കുകയാണ് മോദി. വ്യോമസേന എട്ടുവർഷം പണിയെടുത്താണ് റഫാൽ പോർവിമാനം തെരഞ്ഞെടുത്തത്. 126 വിമാനങ്ങളാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, അത് 36 മാത്രമാക്കി ചുരുക്കിയത് ആരാണ്? 126 വിമാനങ്ങൾ വേണ്ടെന്ന് വ്യോമേസന സർക്കാറിനോട് പറഞ്ഞിട്ടുണ്ടോ? ഒറ്റ വിമാനം പോലും ഇന്ത്യയിൽ എത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട ചില ഫയലുകൾ തെൻറ കിടപ്പുമുറിയിൽ ഉണ്ടെന്ന് മുൻപ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീകർ പറയുന്നതിെൻറ ഒാഡിയോ റെക്കോഡ് സഭയിൽ കേൾപ്പിക്കാൻ അനുവദിക്കണമെന്ന് രാഹുൽ സ്പീക്കറോട് അഭ്യർഥിച്ചു. ആ ടേപ്പ് സാക്ഷ്യപ്പെടുത്താൻ രാഹുൽ തയാറുണ്ടോ എന്നായി സ്പീക്കർ സുമിത്ര മഹാജൻ. സ്പീക്കർക്ക് പേടിയാണെങ്കിൽ ടേപ്പ് കേൾപ്പിക്കേണ്ടതില്ലെന്ന് രാഹുൽ പറഞ്ഞു.
രോഷത്തോടെ പലവട്ടം എഴുന്നേറ്റ് രാഹുലിനെ അരുൺ ജെയ്റ്റ്ലി നേരിട്ടു. രാഹുൽ നുണ പറയുകയാണെന്നു കുറ്റപ്പെടുത്തിയ ജെയ്റ്റ്ലി അഗസ്റ്റക്കൊപ്പം നാഷനൽ ഹെറാൾഡ് പ്രശ്നവും എടുത്തിട്ടു. അദ്ദേഹത്തിെൻറ പാർട്ടി പടച്ചുണ്ടാക്കിയ ടേപ്പാണ് കേൾപ്പിക്കേണ്ടതെന്ന് രാഹുലിന് അറിയാം. പോർവിമാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത മാന്യനാണ് ഇന്ന് കാലപ്പഴക്കം ചെന്ന കോൺഗ്രസിനെ നയിക്കുന്നതെന്നതാണ് ദുരന്തം.റഫാൽ വിഷയം സുപ്രീംകോടതി പരിശോധിച്ചു ബോധ്യപ്പെട്ടു. പിന്നെ സംയുക്ത പാർലമെൻററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുന്നതിന് പ്രസക്തിയില്ല -ജെയ്റ്റ്ലി പറഞ്ഞു. റഫാൽ പോർവിമാന ഇടപാടിൽ മോദി പ്രമുഖ വ്യവസായി അനിൽ അംബാനിയെ സഹായിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, അംബാനിയുടെ പേര് ആവർത്തിക്കുന്നതിനോട് സ്പീക്കർ വിയോജിച്ചു. എന്നാൽ, ‘എ എ’ എന്നു പറയാമെന്നായി രാഹുൽ. അംബാനി ബി.ജെ.പി അംഗമാണോ എന്നും രാഹുൽ ചോദിച്ചു. ബോഫോഴ്സ് ഇടപാടിലെ ഇടനിലക്കാരനായ ക്വത്റോച്ചിയെന്ന ‘ക്യു’വുമായി കോൺഗ്രസിനുള്ള ബന്ധം പറഞ്ഞാണ് അരുൺ ജെയ്റ്റ്ലി അതിനെ നേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.